തിരുവനന്തപുരം: കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീട് മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചതിനെ വിമർശിച്ചും പിന്നെ തിരുത്തിയും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ.
' ആ വീട് എൽ.ഡി.എഫ് നേതാക്കൾ സന്ദർശിച്ചുവെന്നത് കൊണ്ട് ഒരു നല്ല സന്ദേശം ഉണ്ടാവുമെന്ന് കരുതാൻ വയ്യ' എന്നായിരുന്നു ഇന്നലെ രാവിലെ എ.കെ.ജി സെന്ററിനു മുന്നിൽ വിജയരാഘവന്റെ പ്രതികരണം. എന്നാൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ പോയത് തെറ്റാണെന്ന് പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
പ്രതികരണം ദൃശ്യമാദ്ധ്യമങ്ങളിൽ വിവാദമായതിനു പിന്നാലെ അതു നിഷേധിച്ച് ഉച്ചയോടെ വിജയരാഘവന്റെ പ്രസ്താവനയെത്തി. 'താൻ മന്ത്രി ഇ. ചന്ദ്രശേഖരനെ വിമർശിച്ചെന്ന നിലയിൽ ചില മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന്' പ്രസ്താവനയിൽ അദ്ദേഹം വിശദീകരിച്ചു.
'മാദ്ധ്യമപ്രവർത്തകർ ഇതേപ്പറ്റി ചോദിച്ചപ്പോൾ മന്ത്രിക്ക് വീട് സന്ദർശിക്കാമെന്നാണ് പറഞ്ഞത്. കൊലപാതകം അപലപനീയവും ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും വ്യക്തമാക്കി. എൽ.ഡി.എഫ് എന്ന നിലയിൽ സന്ദർശനം നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു. മരണവീടുകളിൽ ജനപ്രതിനിധികൾ പോകുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് എൽ.ഡി.എഫിനില്ല'- വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.