padana

വിതുര: തൊളിക്കോട് വിനോബാനികേതൻ യു.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ കല്ലാറിലേക്ക് സംഘടിപ്പിച്ച പ്രകൃതി പഠനയാത്ര വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.പ്രകൃതിയെ തൊട്ടറിയുന്നതിനായാണ് ഇത്തരം ഒരു യാത്ര സംഘടിപ്പിച്ചത്.യാത്ര സംഘം രാവിലെ പത്ത് മണിയോടെ വാമനപുരം നദിയുടെ ഉത്ഭവസ്ഥാനമായ കല്ലാറിൽ എത്തി.തുടർന്ന് ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് പഠന ക്ലാസ് നടത്തി.അനവധി അപകടമരണങ്ങൾ അരങ്ങേറിയ കല്ലാർ നദിയിലെ കടവുകളിൽ വിദ്യാർത്ഥികൾ അപായ സൂചനാ ബോർഡുകൾ സ്ഥാപിച്ചു.വിദ്യാർത്ഥികളും അദ്ധ്യാപകരും ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. തുടർന്ന് കല്ലാർ വനത്തിലേക്ക് ട്രക്കിംഗ് നടത്തി. കല്ലാർ മീൻമുട്ടിയിലെത്തിയ സംഘം ഇവിടെ അപായ സൂചനാ ബോർഡുകളും കാട്ടുതീ തടയുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന ബോർഡുകളും വനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. വനം വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

പഠനയാത്രയുടെ ഭാഗമായി പൊന്മുടി, പേപ്പാറ, ബോണക്കാട് മേഖലകളിലേക്കും ട്രക്കിംഗ് സംഘടിപ്പിക്കുവാനും തീരുമാനമെടുത്തു.പഠനയാത്ര വൈകിട്ട് നാലിന് സമാപിച്ചു. ഫോറസ്റ്റ് ഒാഫീസർ സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരായ ബിനുകുമാർ, റോഷിനി, വിനോബാനികേതൻ യു.പി സ്‌കൂളിലെ അദ്ധ്യാപകരമായ വി.എസ്. ഹണികുമാർ, രാജിത, ഷീജ, പി.ടി.എ വൈസ് പ്രസിഡന്റ് സനൽകുമാർ എന്നിവർ നേതൃത്വം നൽകി.