pipe

കിളിമാനൂർ: കല്ലറ - മുതുവിള എം.എൽ.എ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ വാട്ടർ അതോറിട്ടി വക പൈപ്പ് ലൈനിന് കയറിൽ തൂങ്ങാൻ വിധി. എം.എൽ.എ റോഡ് ആരംഭിക്കുന്നതിന് സമീപമുള്ള പാലത്തിന് അടുത്തായി വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള ചെറിയ പാലത്തിൽ നിർമിച്ചിരുന്ന പൈപ്പ് ലൈനാണ് തകർന്നത്.

അടുത്തിടെ ലക്ഷങ്ങൾ മുടക്കി നടന്ന റോഡ് വികസനത്തിന്റെ ഭാഗമായി ഈ പാലവും അതിലൂടെ കടന്നു പോയിരുന്ന പൈപ്പ് ലൈനുകളും തകർന്നു. തുടർന്ന് ഈ ഭാഗത്തെ ജലവിതരണം പൂർണമായും തടസപ്പെടുകയായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധം ഉയർന്നതോടെ ഇരുമ്പ് പൈപ്പിന് പകരം പി.വി.സി പൈപ്പ് ഉപയോഗിച്ച് പ്രധാന പാലത്തിന് പുറത്തു കൂടി താത്കാലികമായി കയറുകൾ കെട്ടി പി.വി.സി പൈപ്പ് ലൈൻ സ്ഥാപിച്ചു. ഇളക്കി മാറ്റിയ ഇരുമ്പ് പൈപ്പ് പുനഃസ്ഥാപിക്കുമെന്ന് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വാട്ടർ അതോറിട്ടി ഉറപ്പ് നല്‌കിയിരുന്നു. കയറിൽ കെട്ടി തൂക്കിയിട്ടുള്ള പി.വി.സി പൈപ്പുകൾ ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. സാമൂഹ്യ വിരുദ്ധർ പി.വി.സി പൈപ്പും, പാലത്തോട് കെട്ടിയിരിക്കുന്ന കയറുകളും നശിപ്പിക്കാനിടയുണ്ട്.

പൈപ്പ് ലൈൻ കടന്നു പോകുന്നതിനായി സ്ഥാപിച്ചിരുന്ന ചെറിയ പാലവും, ഇരുമ്പ് പൈപ്പ് ലൈനും പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.

റോഡിലുള്ള മാൻ ഹോളുകളാകട്ടെ റോഡ് പണിക്കിടയിൽ ടാർ കൊണ്ട് മൂടപ്പെട്ട നിലയിലുമാണ്.