periya-murder

തിരുവനന്തപുരം/ കാസർകോട്: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പെരിയ ഇരട്ടക്കൊലയിൽ സി.ബി.ഐ അന്വേഷണ ആവശ്യം ശക്തമാകുന്നതിനിടെ, കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. കേസിനു പിന്നിലെ ഗൂഢാലോചന ഉൾപ്പെടെ പുറത്തു കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും കൊല്ലപ്പെട്ട ഇരുവരുടെയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.

കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസിന് ആയിരുന്നു ആദ്യം കേസന്വേഷണ ചുമതലയെങ്കിലും, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി അദ്ദേഹത്തെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ കാസർകോട്, കണ്ണൂർ ജില്ലകളുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പിയാണ് അദ്ദേഹം.

അതേസമയം, പൊലീസ് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരിൽ ഒരാളായ കൃപേഷിന്റെ അച്‌ഛൻ കൃഷ്‌ണൻ മാദ്ധ്യമ പ്രവർത്തകോടു പറഞ്ഞു. കേസ് സി.ബി.ഐയെ ഏൽപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരുടെ അറസ്റ്റ് കൂടി ഇന്നലെ രേഖപ്പെടുത്തി. ചപ്പാരപ്പടവ് കാവുംകല്ല് ഉടുവള്ളി കെ .എം. സുരേഷ് (27), പെരിയ ഏച്ചിലടുക്കത്തെ ഓട്ടോ ഡ്രൈവർ കെ. അനിൽകുമാർ (33), കുണ്ടംകുഴി മലാംകാട്ടെ ലോറി ക്ലീനർ എ. അശ്വിൻ എന്ന അപ്പു (18), കല്യോട്ട് പ്ലാക്കാത്തൊട്ടിയിലെ ജീപ്പ്‌ ഡ്രൈവർ ശ്രീരാഗ് എന്ന കുട്ടു (22), പെരിയ കാഞ്ഞിരടുക്കം സ്വദേശിയായ നിർമാണ തൊഴിലാളി ജി. ഗിജിൻ (26) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട ഫെബ്രുവരി 17 നു പിറ്റേന്നു തന്നെ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും, വിവിധ കേന്ദ്രങ്ങളിൽ പാർപ്പിച്ച് ചോദ്യംചെയ്തതിനു ശേഷം ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകവുമായി ഇവർക്ക് നേരിട്ടു ബന്ധമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് പറഞ്ഞു . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.