kg

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാനചരിത്രം സ്പന്ദിക്കുന്ന കേരളകൗമുദി അങ്കണത്തിൽ നിന്ന് മീഡിയ അക്കാഡമിയുടെ മാദ്ധ്യമചരിത്രയാത്രയ്ക്ക് ഇന്നലെ ഊഷ്മളമായ തുടക്കം. പത്രാധിപർ കെ. സുകുമാരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി, കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവിക്ക് ആദരപത്രം സമ്മാനിച്ച് തുടങ്ങിയ യാത്രയ്ക്ക് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഭദ്രദീപം തെളിച്ചു. യാത്രയുടെ ലോഗോ കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവിക്ക് കൈമാറി സ്പീക്കർ പ്രകാശനം ചെയ്തു. ചരിത്രയാത്ര അംഗങ്ങൾക്കുള്ള മുദ്രവിതരണം ആതിരയ്ക്ക് സമ്മാനിച്ച്‌ വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. നവകേരള നിർമ്മാണത്തിന്റെ ആയിരം മുഖങ്ങൾ വീഡിയോയിൽ പകർത്തുന്ന പദ്ധതിക്കു ടാഗ് ആയി ഉപയോഗിക്കാനുള്ള 'ചെക്കുട്ടിപ്പാവ' സാമൂഹ്യപ്രവർത്തകൻ ഗോപിനാഥിൽ നിന്ന് മീഡിയ അക്കാഡമി വൈസ് ചെയർമാൻ കൂടിയായ ദീപുരവി ഏറ്റുവാങ്ങി.

കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. ഈ നാടിന് കേരളകൗമുദിയുടെ സാരഥികൾ നൽകിയ സമർപ്പിത സംഭാവനകൾ കണക്കിലെടുത്താണ് യാത്രയുടെ ഉദ്ഘാടന വേദി കേരളകൗമുദി അങ്കണമാക്കിയതെന്ന്‌ ആർ.എസ്.ബാബു പറഞ്ഞു. കേരളകൗമുദിയിലേത് പോലെ, കഴിഞ്ഞ ഒരു നൂറ്റാണ്ടായി പത്രപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുത്ത് നേതൃത്വം നൽകിപ്പോരുന്ന മറ്റൊരു കുടുംബം കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപുരവിക്കുള്ള ആദരപത്രം കെ.യു.ഡബ്ളിയു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം വായിച്ചു. സ്പീക്കർ സമ്മാനിച്ചു.

കെ.യു.ഡബ്ളിയു.ജെ. ജനറൽ സെക്രട്ടറി സി.നാരായണൻ, ജനയുഗം എഡിറ്റർ രാജാജിമാത്യു തോമസ്, കേരള മീഡിയ അക്കാഡമി മുൻ ചെയർമാൻ എസ്.ആർ.ശക്തിധരൻ, മലയാള മനോരമ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം, മാതൃഭൂമി മുൻ ബ്യൂറോചീഫ് ജി. ശേഖരൻനായർ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ്, കെ.എ.ബീന തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.ജി.പരമേശ്വരൻനായർ, എസ്.ആർ.ശക്തിധരൻ, ജി.ശേഖരൻനായർ, കെ. പ്രഭാകരൻ, തുളസിഭാസ്കരൻ, ജനാർദ്ദനൻ നായർ, പി.വി.കൃഷ്ണൻ, കെ.കെ. ചന്ദ്രശേഖരൻനായർ, കലാപ്രേമി ബഷീർ, ഇ.കെ.ജോസ്, ഗീതാനസീർ തുടങ്ങിയവരെ ആദരിച്ചു. കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം.ശങ്കർ സ്വാഗതവും തിരുവനന്തപുരം പ്രസ് ക്ളബ് സെക്രട്ടറി എം.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

കേരളകൗമുദിയിൽ നിന്ന് തുടങ്ങി ആദ്യമലയാളപത്രം പിറന്ന തലശ്ശേരി ഇല്ലിക്കുന്നത്തെ ഗുണ്ടർട്ട് ഭവനത്തിൽ മാർച്ച് ഒന്നിന് സമാപിക്കുന്ന യാത്ര കേരള പത്രപ്രവർത്തക യൂണിയന്റെയും പി.ആർ.ഡി.യുടെയും സഹകരണത്തോടെയാണ് നടത്തുന്നത്. 60 മാദ്ധ്യമവിദ്യാർത്ഥികൾ യാത്രയിൽ ആദ്യന്തം പങ്കെടുക്കും. ഇന്ന് രാവിലെ 9ന് നെയ്യാറ്റിൻകരയിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹത്തിൽ ഡോ.സെബാസ്റ്റ്യൻപോൾ യാത്രയുടെ ഫ്ലാഗ് ഒാഫ് നിർവഹിക്കും. തുടർന്ന് അയ്യങ്കാളിയുടെ സാധുജനപരിപാലിനി പത്രത്തിന്റെ വെങ്ങാനൂരിലെ സ്മാരകം, സ്വദേശാഭിമാനി പത്രം ഉടമ വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ഭവനം, വിവേകോദയം മാസിക നടത്തിയിരുന്ന മഹാകവി കുമാരനാശാന്റെ കായിക്കരയിലെ സ്മാരകം, വൈകിട്ട് പരവൂരിൽ കാർട്ടൂണിസ്റ്റ് പി.എസ്.ഗോവിന്ദൻപിള്ളയുടെ ഭവനം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.

പല ഘട്ടങ്ങളിലായി മുന്നൂറോളം മാദ്ധ്യമപ്രവർത്തകർ യാത്രയിൽ പങ്കെടുക്കും. പ്രളയവുമായി ബന്ധപ്പെട്ട വീഡിയോചിത്രങ്ങൾ വിദ്യാർത്ഥികൾ പകർത്തും. മികച്ച വീഡിയോയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും 25,000 രൂപ കാഷ്‌ അവാർ‌ഡും നൽകുമെന്ന് മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു പറഞ്ഞു.