amit-shah

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഏകപക്ഷീയമായി സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടിക കേന്ദ്രത്തിന് നൽകിയെന്ന ആക്ഷേപം സൃഷ്ടിച്ച തർക്കം മുറുകവെ, ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷാ ഇന്ന് പാലക്കാട്ടെത്തും. എൻ.ഡി.എയ്ക്കകത്ത് ബി.ഡി.ജെ.എസ് ഒഴിച്ചുള്ള ഘടകകക്ഷികളുമായി സീറ്റ് വിഭജനത്തെ ചൊല്ലി ബി.ജെ.പി തർക്കത്തിലാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകണമെന്ന് പരസ്യമായി പറഞ്ഞതിന് പാർട്ടി വക്താവ് എം.എസ്.കുമാറിന് സംസ്ഥാന പ്രസിഡന്റ് നൽകിയ കാരണംകാണിക്കൽ നോട്ടീസും പാർട്ടിക്കുള്ളിൽ ചേരിതിരിഞ്ഞുള്ള ചർച്ചയ്ക്ക് വഴിയൊരുക്കി.

പാലക്കാട്ട് പാർട്ടി തിരഞ്ഞെടുപ്പ് പ്രഭാരിമാരുടെ യോഗത്തെ സംബോധന ചെയ്യാനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുമാണ് പ്രധാനമായും അമിത്ഷാ എത്തുന്നത്. ഇതോടനുബന്ധിച്ച് ഇന്ന് സംസ്ഥാന ഭാരവാഹികളുടെ യോഗവും നിശ്ചയിച്ചിട്ടുണ്ട്. ശബരിമല വിഷയത്തെ തുടർന്ന് പാർട്ടിക്ക് ഉണർവുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തുന്ന നേതൃത്വം പക്ഷേ, സാദ്ധ്യതകളെ ഇല്ലാതാക്കും വിധം സംസ്ഥാന പാർട്ടിക്കുള്ളിൽ ഉടലെടുക്കുന്ന ചേരിതിരിവിൽ അസ്വസ്ഥരുമാണ്.

മാർച്ച് ആദ്യത്തോടെ സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വം പ്രഖ്യാപിച്ചേക്കും.