ksrtc

തിരുവനന്തപുരം: ബ്രേക്ക് പൊട്ടിയ വണ്ടി പോലായ കെ.എസ്.ആർ.ടി.സിയുടെ കളക്‌ഷൻ കൂട്ടാൻ ജീവനക്കാരിൽ നേർപകുതിയുടെയും പിന്തുണയുള്ള സി.ഐ.ടി.യു യൂണിയൻ ഒത്തുപിടിച്ചിട്ടും പാളി.

ദിവസവരുമാനം ഏഴുകോടി രൂപയായി ഉയർത്താൻ സി.ഐ.ടി.യുവിന്റെ എംപ്ലോയീസ് അസോസിയേഷൻ നടത്തിയ ബസ് ഡേയിൽ ലഭിച്ച വരുമാനം വെറും 5.60 കോടി. ശരാശരി ആറരക്കോടി രൂപ കിട്ടിക്കൊണ്ടിരിക്കെയാണ് ഈ തിരിച്ചടി.

ബസ് ഷെഡ്യൂളുകൾ യാത്രക്കാർക്ക് സൗകര്യപ്രദമായി ക്രമീകരിച്ചതാണ് നേരത്തേ വരുമാനം നിലനിർത്തിയത്. തൊഴിലാളി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ടോമിൻ തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റിയശേഷം കളക്‌ഷൻ കുത്തനെ ഇടിഞ്ഞ് തുടങ്ങി. തച്ചങ്കരി മാറിയതോടെ ഷെഡ്യൂളുകൾ യൂണിയൻ നേതാക്കൾ അവർക്ക് സൗകര്യപ്രദമായി ക്രമീകരിച്ചു. അതോടെ ഇടിഞ്ഞവരുമാനം വീണ്ടെടുക്കാനാണ് ബസ് ഡേ നടത്താൻ തീരുമാനിച്ചത്. ഇത് വിജയിപ്പിക്കാൻ ഇടതുപക്ഷ സർവീസ് സംഘടനകളെക്കൊണ്ട് വൻ പ്രചാരണം നടത്തിയിട്ടും പൊളിയുകയായിരുന്നു. സർക്കാർ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും 20 ന് ബസിൽ യാത്ര ചെയ്യാൻ ഇടത് സംഘടനകൾ അഭ്യർത്ഥിച്ചിരുന്നു. കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ നിവേദനം അംഗീകരിച്ച് മാനേജ്‌മെന്റും ബസ് ഡേ ദിനാചരണം ഔദ്യോഗികമായി ഏറ്റെടുത്തു. വരുമാനം കൂടുന്ന വിധത്തിൽ ബസുകൾ ക്രമീകരിക്കാൻ എം.ഡി എം.പി ദിനേശ് നിർദ്ദേശവും നൽകി.

മാനേജ്മെന്റിന്റെ വിശദീകരണം

തിങ്കളാഴ്ച നടന്ന ഹർത്താൽ വടക്കൻമേഖലയിലെ ദീർഘദൂര ബസുകളെ ബാധിച്ചതാണ് വരുമാനം ഇടിയാൻ കാരണം. ആറ്റുകാൽ പൊങ്കാല കാരണം തലസ്ഥാനത്തെ ബസുകളും പൂർണമായി ഓടിയില്ല.

കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പറയുന്നു

ഒരുദിവസത്തെ വരുമാനവർദ്ധനവല്ല ലക്ഷ്യമിടുന്നത്. 100 ദിവസത്തെ കർമ്മപദ്ധതിക്കാണ് തുടക്കമായത്. കഴിഞ്ഞവർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് ലഭിച്ചതിനെക്കാൾ യാത്രക്കാർ ഇത്തവണ കിട്ടിയിരുന്നു. സമൂഹത്തിൽ കെ.എസ്.ആർ.ടി.സിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

റെക്കോർഡിൽ നിന്ന് തകർച്ചയിലേക്ക്

എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിലും ജനുവരിയിൽ ദിവസം ആറര കോടിയും വെള്ളി, തിങ്കൾ ദിവസങ്ങളിൽ ഏഴേകാൽ കോടിയുമായിരുന്നു വരുമാനം.

ജനുവരി ഏഴിന് 8.54 കോടിയുടെ റെക്കാഡ് കളക്‌ഷനും കിട്ടിയിരുന്നു.