തിരുവനന്തപുരം: ആരോഗ്യകരമായ സംവാദസംസ്ക്കാരത്തിന് പകരം അവതാരകന് തോന്നുന്ന അഭിപ്രായം മറ്റുള്ളവരുടെ മേൽ അടിച്ചേൽപിക്കുന്ന അർണാബിഫിക്കേഷനാണ് ഇന്ന് ചില ടി.വി ചാനലുകളിൽ വ്യാപിക്കുന്നതെന്നും അതിൽ മറ്റ് മാദ്ധ്യമങ്ങൾ വീഴരുതെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കേരളകൗമുദി അങ്കണത്തിൽ കേരള മീഡിയ അക്കാഡമി നടത്തുന്ന മാദ്ധ്യമ ചരിത്രയാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമപ്രവർത്തകർ ഇൻസ്റ്റന്റ് ഇന്റലക്ച്വൽസാണിപ്പോൾ. അവരുടെ തോന്നലുകൾ സമൂഹം അതേപടി വിശ്വസിക്കുന്ന സ്ഥിതിയാണ്. സമൂഹം കാണിക്കുന്ന ഇൗ വിശ്വാസം തിരിച്ചും കാണിക്കാനുള്ള ബാദ്ധ്യത അവർ പലപ്പോഴും വിസ്മരിക്കുന്നു. ഇത് മന:പൂർവമാണെന്ന് കുറ്റപ്പെടുത്തുന്നില്ല. സാങ്കേതിക വികാസത്തിന്റെ സാഹചര്യത്തിൽ വാർത്തകളുടെ കൂമ്പാരമാണ് അവർക്ക് മുന്നിൽ നിറയുന്നത്. അതിൽ നിന്ന് അന്നന്നത്തെ ബ്രേക്കിംഗ് ന്യൂസുകൾക്കായി മാസലമണമുള്ള വാർത്തകൾ അവർ തിരഞ്ഞെടുക്കുന്നത് നിലനിൽപിനായുള്ള മത്സരത്തിന്റെ ഭാഗമായിരിക്കാം. എന്നാൽ സ്വന്തം വാർത്തകൾ പോലും വിഴുങ്ങേണ്ട സ്ഥിതിയാണ് പലർക്കും പിന്നീട് നേരിടേണ്ടിവരുന്നത്. നിയമസഭയിൽ നിന്ന് പുറത്തേക്ക് പോകുന്ന വാർത്തയിൽ ഒരുവാക്ക് പോലും വിഭാഗീയതയ്ക്ക് കാരണമാകരുതെന്ന് നിർബന്ധമുണ്ട്. അത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിന്റെ ധർമ്മമാണ്. അത് മറന്നുകൊണ്ട് നടത്തിയ വാർത്താസംപ്രേക്ഷണത്തിൽ നിന്ന് പിൻമാറേണ്ട അവസ്ഥ വരെ ഇവിടെയുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണയെ പോലുള്ള മാദ്ധ്യമപ്രവർത്തകർക്ക് ഒരുവാക്ക് പോലും പിൻവലിക്കേണ്ടിവന്നിട്ടില്ല. മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം തന്നെയാണ് അതിന്റെ ശക്തിയും ധൈര്യവും. ജനാധിപത്യത്തിന്റെ നിലനിൽപിന് ആധാരമാണ് മാദ്ധ്യമങ്ങൾ. സ്വന്തം കടമയും വിശ്വാസ്യതയും എന്നും കാത്തുസൂക്ഷിക്കാൻ ചരിത്രം പുതുതലമുറയ്ക്ക് അവബോധം നൽകണമെന്നും സ്പീക്കർ പറഞ്ഞു.