uefa-champions-league-foo
uefa

മാഡ്രിഡ് : സാക്ഷാൽക്രിസ്റ്റ്യാനോ റൊണാൾഡോയെകൂട്ടി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനിറങ്ങിയ ഇറ്റാലിയൻ ക്ളബ് യുവന്റസിന് അപ്രതീക്ഷിത ആഘാതമായി അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ആദ്യപാദ പ്രീക്വാർട്ടറിലെ തോൽവി. കഴിഞ്ഞ രാത്രി അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറ്റാലിയൻ സെരി എ ചാമ്പ്യന്മാർ തോൽവി വഴങ്ങിയത്.

ഗോൾ രഹിതമായ ആദ്യപകുതിക്കുശേഷം അഞ്ച് മിനിട്ടിന്റെ വ്യത്യാസത്തിൽ രണ്ടുതവണ വല കുലുക്കിയാണ് ഡീഗോ സിമയോണി നയിക്കുന്ന അത്‌ലറ്റിക്കോ ഇറ്റാലിയൻ വമ്പന്മാരെ ഞെട്ടിച്ചത്. 78-ാം മിനിട്ടിൽ ജോസ് ഗിമിനെസും 83-ാം മിനിട്ടിൽ ഡീഗോ ഗോഡിനുമാണ് സ്പാനിഷ് ക്ളബിന് വേണ്ടി ഗോളുകൾ നേടിയത്. 70-ാം മിനിട്ടിൽ തങ്ങളുടെ മുൻ താരമായ അൽവാരോ മൊറാട്ട യുവന്റസിന്റെവല കുലുക്കിയെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി അത് ഗോളല്ലെന്ന് വിധിച്ചിരുന്നു.

ഷൂട്ട് ചെയ്യുന്നതിനുമുമ്പ് മൊറാട്ട കെല്ലിനെ ഫൗൾ ചെയ്തതിനാലാണ് ഗോൾ നിഷേധിച്ചത്.

ഗോൾ I

ഒരു കോർണറിൽ നിന്നായിരുന്നു ഗോളിന്റെ തുടക്കം. ഗോൾ മുഖത്തേക്ക് മൊറാട്ട ഹെഡ് ചെയ്ത പന്ത്പ്രതിരോധത്തിൽ തട്ടി മരിയോ മൻസൂക്കിച്ചിനും ഗിമിനെസിക്കറും അരികിലേക്കെത്തി. കൂട്ടപ്പൊരിച്ചിലിനിടയിൽ ഗിമിനെസ് പന്ത് വലയിലേക്ക് തട്ടിക്കയറ്റി.

78-ാം മിനിട്ട്

ഗിമിനെസ്

ഗോൾ -2

അടുത്ത ഗോളിനും വഴിയൊരുക്കിയത് ഒരു സെറ്റ് പീസിലൂടെയാണ്. അന്റോയിൻ ഗ്രീസ്‌മാൻ എടുത്ത ഒരു ഫ്രീകിക്ക് വലതുവിംഗിൽ നിന്ന് ഡീഗോ ഗോഡിൻ വലയിലേക്കടിക്കുകയായിരുന്നു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുറത്തുതട്ടിയാണ് പന്ത് വലയിൽ കയറിയത്.

2

ഇൗ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ജിമിനെസ് നേടുന്ന രണ്ടാമത്തെ ഗോളായിരുന്നു യുവന്റസിനെതിരായത്. ഇതിന് മുമ്പ് നാല് സീസണുകളിൽ ജിമിനെസ് കളിച്ചിട്ടുണ്ടെങ്കിലും ഒരു ഗോൾപോലും നേടിയിട്ടില്ല.

മാർച്ച് 12

നാണ് ഇരുടീമുകളും തമ്മിലുള്ള രണ്ടാംപാദ പ്രീക്വാർട്ടർ. ഇതിൽ മികച്ച മാർജിനിൽ വിജയിച്ചാലേ യുവന്റസിന് ക്വാർട്ടറിലെത്താനാകൂ.

മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം യുവന്റസിനായിരുന്നു. ഒൻപതാം മിനിട്ടിൽ ക്രിസ്റ്റ്യാനോ തൊടുത്ത ഒരു ഫ്രീകിക്ക് അത്‌ലറ്റിക്കോ ഗോളി ഒബ്ളാക്ക് ഉയർന്നുചാടി കുത്തിയകറ്റി. 27-ാം മിനിട്ടിൽ ഡിസ്‌കിഗ്ളിയോ കോസ്റ്റയെ ഫൗൾ ചെയ്തതിന് റഫറി സ്പോട്ട് കിക്ക് വിധിച്ചെങ്കിലും വാറിലൂടെ അത് ബോക്സിന് പുറത്തുവച്ചാണ് നടന്നതെന്ന് തെളിഞ്ഞതോടെ യുവന്റസ് രക്ഷപ്പെട്ടിരുന്നു.

യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് കിരീട പ്രതീക്ഷകളെ ആകെ ഉലച്ചിരിക്കുകയാണ് ഇൗ പരാജയം. രണ്ടാംപാദത്തിൽ സ്വന്തം മണ്ണിൽ ഇതിലും വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമേ ഇറ്റാലിയൻ ക്ളബിന് രക്ഷയുള്ളൂ. മാത്രവുമല്ല അത്‌ലറ്റിക്കോയെ എവേ ഗോൾ അടിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഇറ്റാലിയൻ ചാമ്പ്യൻമാർ അപ്രതീക്ഷിതമായി അടിതെറ്റിയപ്പോൾ പരാജയത്തിൽനിന്ന് തിരിച്ചെത്തുകയായിരുന്നു ഇംഗ്ളീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി. ജർമ്മൻ ക്ളബ് ഷാൽക്കെയുടെ തട്ടകമായ വെൽറ്റിൻസ് അരീനയിൽ ആദ്യപകുതിയിൽ 1-2ന് പിന്നിട്ടുനിന്ന ശേഷമായിരുന്നു സിറ്റിയുടെ 3-2ന്റെ വിജയം.

18-ാം മിനിട്ടിൽ സെർജിയോ അഗ്യൂറോയുടെ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ലഭിച്ച രണ്ട് പെനാൽറ്റികൾ ഷാൽക്കെയ്ക്ക് ഗോളുകളാക്കാൻ കഴിഞ്ഞു.

ബെന്റാലേബാണ് രണ്ടുതവണയും സ്കോർ ചെയ്തത്.

35-ാം മിനിട്ടിൽ നിക്കോളാസ് ഒാട്ടമെൻഡിയുടെ ഹാൻഡ്ബാൾ ഫൗളിനായിരുന്നു ആദ്യപെനാൽറ്റി. 45-ാംമിനിട്ടിൽ ഫെർണാൻഡിഞ്ഞോ എതിർതാരത്തെ തള്ളിവീഴ്ത്തിയതിനായിരുന്നു രണ്ടാം പെനാൽറ്റി.

68-ാം മിനിട്ടിൽ നിക്കോളാസ് ഒാട്ടമെൻഡി രണ്ടാം മഞ്ഞക്കാർഡും കണ്ടുപുറത്തായശേഷം 10 പേരുമായി കളിച്ച സിറ്റിയെ വലിയ വെല്ലുവിളി ഏറ്റെടുക്കാൻ സഹായിച്ചത് ലെറോയ് സാനേയും റഹിം സ്റ്റെർലിംഗുമാണ്. 87-ാം മിനിട്ടിൽ 30 വാരഅകലെ നിന്നുള്ള ഒരു ഫ്രീകിക്കാണ് സാനേ സമനില ഗോളാക്കി മാറ്റിയത്. 90-ാം മിനിട്ടിൽ എഡേഴ്സന്റെ ലോംഗ് പാസിൽനിന്ന് സ്റ്റെർലിംഗ് വിജയഗോളും നേടി.

ഞങ്ങൾ മൂന്നാമതൊരു ഗോൾ വഴങ്ങാതിരുന്നത് ഭാഗ്യം.

മാസിമിലാനോ അലെഗ്രി

യുവന്റസ് പരിശീലകൻ

ഞങ്ങൾ ജയിച്ചെങ്കിലും ക്വാർട്ടറിലെത്തിയിട്ടില്ല. രണ്ടാംപാദ പ്രീക്വാർട്ടറിൽ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പാണ്.

ഡീഗോ സിമയോണി

അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച്