india-pak-cricket
india pak cricket

ന്യൂഡൽഹി : പാകിസ്ഥാനുമായി ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന ആവശ്യം മുൻ താരങ്ങളിൽനിന്നും ആരാധകരിൽ നിന്നും ഉയരുമ്പോൾ പാകിസ്ഥാനെ ലോകകപ്പിൽ നിന്ന് വിലക്കണമെന്ന ആവശ്യം ബി.സി.സി.ഐ മുന്നോട്ട് വച്ചേക്കും. ഇക്കാര്യം ബി.സി.സി.ഐ താത്കാലിക ഭരണസമിതി ഇന്ന് ചർച്ച ചെയ്തേക്കും. ഭരണസമിതി അംഗങ്ങളായ വിനോദ് റായ്‌യും ഡയാന എഡുൽജിയും ഇന്ന് മറ്റുചില കാര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം നടത്തുന്നുണ്ടെങ്കിലും മുഖ്യ അജണ്ട ഇന്ത്യ- പാകിസ്ഥാൻ മത്സരം തന്നെയായിരിക്കും.

ഇക്കാര്യത്തിൽ പതിവുപോലെ വിനോദ് റായ്‌യും എഡുൽജിയും രണ്ട് തട്ടിലാണെന്നാണ് സൂചന. ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്‌കരിക്കുന്നതിൽ നിന്ന് മാറി പാകിസ്ഥാനെ ലോകകപ്പിൽ കളിക്കുന്നതിൽ നിന്ന് വിലക്കണമെന്ന ആവശ്യമായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ സമീപിക്കണമെന്നാണ് വിനോദ് റായ് അഭിപ്രായപ്പെടുന്നത്. എന്നാൽ പാകിസ്ഥാനെ വിലക്കാൻ ഐ.സി.സിക്ക് പ്രായോഗികമായി കഴിയില്ലെന്നാണ് ഡയാന എഡുൽജിയുടെ നിലപാട്. ഐ.സി.സി.യുടെ ചെയർമാൻ ഇന്ത്യക്കാരനായ ശശാങ്ക് മനോഹറാണെങ്കിലും പഴയതുപോലെ അന്താരാഷ്ട്ര സംഘടനയിൽ ഇന്ത്യയ്ക്ക് സ്വാധീനമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരത്തിൽനിന്ന് ഏകപക്ഷീയമായി ഇന്ത്യ പിൻമാറിയാൽ അതിന്റെ ഗുണം പാകിസ്ഥാനായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഗാവസ്കറും രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകൾ റദ്ദാക്കുന്നത് മാത്രമേ പാകിസ്ഥാന് നഷ്ടം വരുത്തുവെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി.

അതേസമയം മുൻ താരങ്ങളായ സൗരവ്ഗാംഗുലിക്കും ഹർഭജൻ സിംഗിനും പാകിസ്ഥാനുമായി ക്രിക്കറ്റെന്നല്ല ഒരു ബന്ധവും വേണ്ടെന്ന അഭിപ്രായമാണ്. ഡൽഹിയിൽ ഇന്ന് തുടങ്ങുന്ന ഷൂട്ടിംഗ് ലോകകപ്പിൽ പാകിസ്ഥാൻ താരങ്ങൾക്ക് വിസ നിഷേധിച്ചത് ചൂണ്ടിക്കാട്ടിയ ഗാംഗുലി ഇത് ക്രിക്കറ്റിലും നടപ്പിലാക്കാവുന്നേയുള്ളൂ എന്നും പറഞ്ഞു.

അടുത്ത ഐ.സി.സി യോഗത്തിൽ ഇന്ത്യ ലോകകപ്പിനെ സംബന്ധിച്ചുള്ള നിലപാട് അറിയിക്കും. അതേസമയം മുൻ നിശ്ചയപ്രകാരം തന്നെ ലോകകപ്പ് നടക്കുമെന്ന വിശ്വാസത്തിലാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ.

ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനുമായുള്ള മത്സരത്തിൽനിന്ന് പിൻമാറിയാൽ ലാഭം പാകിസ്ഥാനായിരിക്കും. ചിലപ്പോൾ അങ്ങനെ കിട്ടുന്ന രണ്ട് പോയിന്റുകൊണ്ട് അവർ അടുത്ത റൗണ്ടിലെത്തും. ഉഭയകക്ഷി പരമ്പരകൾ വേണ്ടെന്നുവയ്ക്കുകയാണ് പാകിസ്ഥാനെ വേദനിപ്പിക്കാനുള്ള മാർഗം. എന്നാൽ ഇന്ത്യൻ ഗവൺമെന്റ് പാകിസ്ഥാനുമായി കളിക്കേണ്ടെന്ന് തീരുമാനിച്ചാൽ ഞാൻ അതിനൊപ്പം നിൽക്കും.

സുനിൽ ഗാവസ്‌കർ

മുൻ ഇന്ത്യൻ ക്യാപ്ടൻ