ടിവി ലൈവ്: വൈകിട്ട് 7മുതൽ സോണിസിക്സിലും സോണി ടെൻ 3യിലും
ചെന്നൈ : പ്രഥമ പ്രോ വോളിബാൾ ലീഗിൽ ഇന്ന് കലാശക്കളി. ഫൈനലിൽ ഏറ്റുമുട്ടുന്നത് കേരളത്തിന്റെ കരുത്തുമായി കലിക്കറ്റ് ഹീറോസും തമിഴകത്തിന്റെ തീപ്പൊരിയായ ചെന്നൈ സ്പാർട്ടൻസും. നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മുതലാണ് ഫൈനൽ മത്സരം.
ലീഗിൽ ഒറ്റക്കളിപോലും തോൽക്കാതെയാണ് കലിക്കറ്റ് ഹീറോസ് ഫൈനലിലെത്തിയിരിക്കുന്നത്. സെമിയിൽ യു മുംബ വോളിയെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തമിഴ്നാട്ടുകാരൻ കൂടിയായ ജെറോം വിനീതാണ് കലിക്കറ്റിനെ നയിക്കുന്നത്. മലയാളിതാരം അജിത്ത് ലാലും വിദേശ താരം പോൾ ലോട്ട് മാനുമാണ് കലിക്കറ്റിന്റെ വജ്രായുധങ്ങൾ.
കടുത്ത പോരാട്ടത്തിലൂടെയാണ് ചെന്നൈ സ്പാർട്ടൻസ് ഫൈനലിലേക്ക് എത്തിയത്. കൊച്ചി ബ്ളൂസ്‌പൈക്കേഴ്സിനെതിരായ സെമി ഫൈനലിൽ 1-2ന് പിന്നിട്ടുനിന്ന ശേഷമായിരുന്നു അഞ്ചാം സെറ്റിലെത്തിച്ച വിജയം. ഷെൽട്ടൺ മോസസാണ് ചെന്നൈയുടെ നായകൻ. ഇന്ത്യൻ താരം നവീൻ രാജ ജേക്കബ്, വിദേശ താരങ്ങളായ റുഡി ബർഹോയ്ഫ്, റസ്‌ലൻസ് സോറോകിൻസ് എന്നിവരാണ് കുന്തമുനകൾ.
ടൂർണമെന്റിലെ ഞങ്ങളുടെ പ്രകടനത്തിൽ സംതൃപ്തരാണ്. ഇതിന് ടീമംഗങ്ങളോടും ഫാൻ ഗ്രൂപ്പായ ചെമ്പടയോടും നന്ദിയുണ്ട്. ഫൈനിലും ഞങ്ങൾ ജയിക്കും.
ജെറോം വിനീത്
കലിക്കറ്റ് ഹീറോസ് ക്യാപ്ടൻ
വെല്ലുവിളികൾ ഒാരോന്നായി തട്ടിമാറ്റിയാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. ഫൈനലിലെ വെല്ലുവിളികളും ഞങ്ങൾ വിജയകരമായി നേരിടും.
ഷെൽട്ടൺ മോസസ്
ചെന്നൈ ക്യാപ്ടൻ