റായ്‌പൂർ : ഛത്തിസ് ഗഡിൽ നടക്കുന്ന ദേശീയ യൂത്ത് അത്‌ലറ്റിക്സിന്റെ സമാപനദിനത്തിൽ കേരളത്തിന് മീറ്റ് റെക്കാഡിന്റെ അകമ്പടിയോടെ മൂന്ന് സ്വർണ മെഡലുകൾ. ആൺകുട്ടികളും പെൺകുട്ടികളുടെയും 1000 മീറ്റർ സ്‌പ്രിന്റ് മെഡ്‌ലെ റിലേ കളിലും പെൺകുട്ടികളുടെ 800 മീറ്ററിലുമാണ് സ്വർണം.
പ്രസില്ല ഡാനിയേലാണ് 800 മീറ്ററിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടിയത്. ആൻറോസ് ടോമി, ഭവിക വി.എസ്, ഗൗരി നന്ദന, സാന്ദ്ര എ.എസ്. എന്നിവരടങ്ങിയ ടീമാണ് മീറ്റ് റെക്കാഡോടെ പെൺകുട്ടികളുടെ റിലേയിൽ സ്വർണം നേടിയത്. ആൺകുട്ടികളുടെ റിലേയിലും കേരളത്തിന് മീറ്റ് റെക്കാഡോടെയാണ് സ്വർണം. വി.എം. സജീൻ, മുഹമ്മദ് ഫാദിൽ, സായൂജ് ടി.കെ. അബ്ദുറസാഖ് സി.ആർ. എന്നിവരായിരുന്നു ടീമംഗങ്ങൾ.
പെൺകുട്ടികളുടെ പോൾവാട്ടിൽ കേരളത്തിന്റെ നിയ ജോസ് വെള്ളിയും നവനലക്ഷ്മി വെങ്കലവും നേടി. ആൺകുട്ടികളുടെ ഹർഡിൽസിൽ അർജുൻ വി.കെ, പെൺകുട്ടികളിൽ നന്ദന കെ.എസ്, 200 മീറ്റർ സ്റ്റിപ്പിൾ ചേസിൽ ഡാർവിൻ സജി എന്നിവർ വെങ്കലങ്ങൾ നേടി.
പൊന്നാൻക്കുളിച്ച് പ്രസില്ല
മീറ്റിന്റെ അവസാന ദിനം മീറ്റ് റെക്കാഡിന്റെ തിളക്കവുമായാണ് തിരുവനന്തപുരത്തുകാരി പ്രസില്ല ഡാനിയേൽ ട്രാക്കിൽ നിന്ന് കയറിയത്. 800 മീറ്ററിൽ 2 മിനിട്ട് 08.56 സെക്കൻഡിലാണ് പ്രസില്ല ഫിനിഷ് ചെയ്തത്. 2016 ൽ തേഞ്ഞിപ്പലത്തുവച്ച് ഉഷ സ്കൂളിലെ അബിത മേരി മാനുവൽ കുറിച്ച 2 മിനിട്ട് 10.52 സെക്കൻഡിന്റെ റെക്കാഡാണ് പ്രസില്ല തിരുത്തിയെഴുതിയത്. പ്രസില്ലയ്ക്ക് പിന്നിൽ ഫിനിഷ് ചെയ്ത ഹരിയാനയുടെ പൂജയും അസിതയുടെ റെക്കാഡ് മെച്ചപ്പെടുത്തി. ഇൗയിനത്തിൽ 2 മിനിട്ട് 11.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത കേരളത്തിന്റെ സ്റ്റെഫി സാറ കോശിക്കാണ് വെങ്കലം.
പ്രായത്തട്ടിപ്പിൽ 41 പേർ കുടുങ്ങി
അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രായ പരിശോധന കർശനമായി നടപ്പിലാക്കിയതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 41 കായിക താരങ്ങളാണ് അയോഗ്യരാക്കപ്പെട്ടത്. യൂത്ത് ചാമ്പ്യൻഷിപ്പിന് മുമ്പുതന്നെ പ്രായത്തട്ടിപ്പ് ബോദ്ധ്യപ്പെട്ടാൽ കർശന നടപടി എടുക്കുമെന്ന് എ.എഫ്.ഐ മുന്നറിയിപ്പ് നൽകിയിരുന്നു. പലയിനങ്ങളിലും മത്സരിച്ച് മെഡൽ നേടിയവരെയാണ് അയോഗ്യരാക്കിയത്. ഇനിയുള്ള ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ നിലപാട് കർശനമാക്കുമെന്ന് എ.എഫ്.ഐ അറിയിച്ചു.