governer-function

തിരുവനന്തപുരം: ഇന്നത്തെ വിദ്യാഭ്യാസരംഗത്ത് സേവനത്തിന്റെ ഗുണമേന്മയും ചെലവും തമ്മിൽ ഗണ്യമായ അന്തരമുണ്ടെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ട്രിവാൻഡ്രം മാനേജ്‌​മെന്റ് അസോസിയേഷന്റെ വാർഷിക സമ്മേളനമായ ട്രിമ 2019 ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം സേവനമാണ്, മികച്ച സേവനം ലഭിക്കാൻ വിദ്യാർത്ഥിക്ക് അവകാശമുണ്ട്. പക്ഷേ വിദ്യാർത്ഥികളെ നിസാരവത്കരിക്കുന്ന സമ്പ്രദായമാണ് ഇന്നുള്ളത്. ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിദ്യാർത്ഥി കേന്ദ്രീകൃതമായ സമീപനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്റ്യവും വിദ്യാഭ്യാസരംഗത്ത് വളർന്നുവരണം, അടിസ്ഥാനപരമായ കടമകൾ പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും സമൂഹത്തിലെ മൂല്യങ്ങളെ ഉൾക്കൊള്ളാൻ വ്യവസായ രംഗവും തയ്യാറാകണമെന്നും, സംസ്ഥാന സർക്കാരിന്റെ പുതിയ ആരോഗ്യനയം പ്രശംസനീയമാണെന്നും ഗവർണർ പറഞ്ഞു.

ചടങ്ങിൽ 2018ലെ ടി.എം.എ​ ടെറുമോ പെൻപോൾ സി.എസ്.ആർ അവാർഡ് അദാനി വിഴിഞ്ഞം പോർട്ട് കമ്പനിക്ക് ഗവർണർ സമ്മാനിച്ചു. കമ്പനി സി.ഇ.ഒ രാജേഷ് ഝാ, സി.എസ്.ആർ മേധാവി അനിൽ ബാലകൃഷ്ണൻ എന്നിവർ അവാർഡ് ഏ​റ്റുവാങ്ങി. ട്രിമ ചെയർമാൻ എം.ഐ സഹദുള്ള അദ്ധ്യക്ഷത വഹിച്ചു. മുരള്യ ഗ്രൂപ്പ് സി.എം.ഡി കെ. മുരളീധരൻ, ടെറുമോ പെൻപോൾ ഡി.ജി.എം ശാരദ ജയകൃഷ്ണൻ, കെ.പി.എം.ജി ഡയറക്ടർ പ്രസാദ് ഉണ്ണികൃഷ്ണൻ, ടി.എം.എ പ്രസിഡന്റ് പി.സി. ഹരികേഷ്, സെക്രട്ടറി എൽ.എസ്. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.