ന്യൂഡൽഹി : നടുവിലെ പരിക്കുമൂലം ഇന്ത്യൻ ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ബി.സി.സി.ഐ ആസ്ട്രേലിയയ്ക്കെതിരായ ഏകദിന ട്വന്റി 20 പരമ്പരകളിൽനിന്ന് ഒഴിവാക്കി. ഏകദിനത്തിൽ പാണ്ഡ്യയ്ക്ക് പകരം രവീന്ദ്ര ജഡേജയെ ടീമിലെടുത്തിട്ടുണ്ട്. ട്വന്റി 20 യിൽ പകരക്കാരനെ ഉൾപ്പെടുത്തിയിട്ടില്ല.
ബംഗ്ളുരു നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ ഡോക്ടർമാരാണ് പാണ്ഡ്യയ്ക്ക് വിശ്രമം വിധിച്ചിരിക്കുന്നത്. ആസ്ട്രേലിയൻ പര്യടനത്തിനിടെ ടി.വി ചാറ്റ് ഷോയിലെ വിവാദ പരാമർശങ്ങളുടെ പേരിൽ കെ.എൽ. രാഹുലിനൊപ്പം തിരിച്ചുവിളിക്കപ്പെട്ട പാണ്ഡ്യ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ കളിച്ചിരുന്നു. കഴിഞ്ഞവർഷം ഇംഗ്ളണ്ടിനെതിരായ പരമ്പരയ്ക്കിടയിലും പാണ്ഡ്യയ്ക്ക് പരിക്കേറ്റിരുന്നു.
രണ്ട് ട്വന്റി 20 കളും അഞ്ച് ഏകദിനങ്ങളും അടങ്ങുന്ന ആസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഇൗമാസം 24നാണ് തുടങ്ങുന്നത്.