തിരുവനന്തപുരം: കുട്ടികളുടെ പരീക്ഷാ പേടി മാറ്രാൻ 'സ്നേഹിത'യായി കുടുംബശ്രീ എത്തുന്നു! 'സ്നേഹിത @ സ്കൂൾ' എന്ന പരിപാടിയിലൂടെ പരീക്ഷാകാലത്ത് കുട്ടികളുടെ പേടിമാറ്റാൻ സ്കൂളുകളിൽ കൗൺസിലർമാർ എത്തും. പ്രശ്നങ്ങൾ തുറന്നുപറയാനും അത് പരിഹരിച്ച് പേടികൂടാതെ പരീക്ഷയെ അഭിമുഖീകരിക്കാനും ആവശ്യമായ കൗൺസിലിംഗാവും നൽകുക. 'സ്നേഹിത' കൗൺസിലർമാരെ നേരിട്ടും ചെന്നുകാണാം. ബ്ളോക്ക് തലങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങളും ചെയ്തുനൽകുന്നുണ്ട്.

സ്കൂളുകളിൽ കൗൺസിലിംഗ്, പോക്സോ നിയമം, ലിംഗസമത്വം എന്നിവയെക്കുറിച്ച് കുട്ടികൾക്കും 'ഗുഡ് പാരന്റിംഗ് 'എന്ന വിഭാഗത്തിൽ രക്ഷിതാക്കൾക്കും ക്ളാസുകൾ നൽകുന്നുണ്ട്. തുടക്കത്തിൽ 11 വിദ്യാലയങ്ങളിൽ മാത്രമുണ്ടായിരുന്ന സേവനം ഇപ്പോൾ സർക്കാർ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകളിലും ലഭ്യമാണ്. ഇതുവരെ 5000ത്തിലധികം കുട്ടികൾക്കും 2000ത്തിലധികം രക്ഷിതാക്കൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. കൂടുതൽ മാർക്ക് വാങ്ങണമെന്ന ചില അൺ-എയ്ഡഡ് സ്കൂളുകളിലെ സമ്മർദ്ദം കുട്ടികളിൽ പരീക്ഷാപേടിക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ,​ സർക്കാർ സ്കൂളുകളിൽ ഇത് പൊതുവേ കുറവാണെന്നാണ് വിലയിരുത്തൽ.

''എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങണമെന്ന സമ്മർദ്ദവും മറ്ര് കുട്ടികളുമായി താരതമ്യപ്പെടുത്തുന്നതും കുട്ടികളുടെ പേടി കൂടാൻ കാരണമാകുന്നു.

സൂര്യ. എസ്,​ കൗൺസിലർ,​ 'സ്നേഹിത'

സംരക്ഷണത്തിന് സ്നേഹിത

അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകുന്ന പദ്ധതിയാണ് കുടുംബശ്രീയുടെ 'സ്നേഹിത'.