estate

തിരുവനന്തപുരം: വൻകിട കമ്പനികൾ സർക്കാർ ഭൂമി കൈയേറിയത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആക്ഷേപം. ടാറ്ര ഉൾപ്പെടെയുള്ള കമ്പനികൾ കേരളത്തിലെ നിരവധി തോട്ടങ്ങൾ കൈയേറിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാ‌ഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 46 കേസുകൾ രജിസ്റ്രർ ചെയ്തിട്ടുണ്ട്. ഇവയിൽ ടാറ്രാ കമ്പനി ഭൂമി കൈയേറിയ 8 കേസുകളുമുണ്ട്. കേസുകൾ സി.ബി.ഐക്ക് കൈമാറണമെന്ന അപേക്ഷയിൽ റവന്യു വകുപ്പ് അനുകൂലമായ നിലപാട് എടുത്തിരുന്നു. എന്നാൽ, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും നിലവിലുള്ള ഏജൻസി തന്നെ അന്വേഷണം കാര്യക്ഷമമായി നടത്തിയാൽ മതിയെന്നുമായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണമാകട്ടെ എങ്ങുമെത്താത്ത നിലയിലാണ്.

പീരുമേട് താലൂക്കിലെ പെരുവന്താനം ട്രാവൻകൂർ റബർ ആൻഡ് ടീ കമ്പനിയുടെ തോട്ടത്തിന്റെ പേരിൽ നാട്ടുകാരുടെ വഴിയും സഞ്ചാര സ്വാതന്ത്ര്യവും തടയുന്നതിനെതിരെയുള്ള പരാതിയും അന്വേഷണ വഴിയിലാണ്. കമ്പനി അന്യായമായി ഭൂമി കൈയേറിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ 2013ൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്ന് മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഐ. ജി ശ്രീജിത്തായിരുന്നു പരാതി അന്വേഷിച്ചത്. ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാൻ കമ്പനിയുടെ കൈവശം ആധികാരമായ രേഖകളൊന്നുമുണ്ടായിരുന്നില്ല. മുമ്പ് വഞ്ചിപ്പുഴ മഠം ബ്രീട്ടീഷുകാർക്ക് പാട്ടത്തിന് നൽകിയ കോപ്പി മാത്രമാണ് ഉണ്ടായിരുന്നത്. ഈ സ്ഥലങ്ങളാകട്ടെ 1955ലെ ഇടവക ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകി സർക്കാർ തിരിച്ച് ഏറ്രെടുത്തതാണ്. ഈ വിവരങ്ങളൊക്കെ ഐ.ജി ശ്രീജിത്ത് നൽകിയ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.

റിപ്പോർട്ട് അംഗീകരിച്ച മനുഷ്യാവകാശ കമ്മിഷൻ ഭൂമിയിലെ അവകാശത്തെക്കുറിച്ച് അന്വേഷണം നടത്തി സർക്കാരിന്റെതാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഏറ്റെടുക്കാൻ ചീഫ് സെക്രട്ടറിയോടും ഭൂമി വ്യാജ രേഖകളുപയോഗിച്ചോ മറ്രോ അന്യായമായി കൈവശപ്പെടുത്തിയെങ്കിൽ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയോടും നിർദേശിച്ചിരുന്നു. തുടർന്ന് ആ സമയത്ത് ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന ശ്രീജിത്തിനെതന്നെ അന്വേഷണം ഏൽപ്പിച്ചു. സർക്കാർ ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശം വച്ചവർക്കെതിരെ വിവിധ പൊലീസ് സ്റ്രേഷനുകളിൽ കേസ് രജിസ്റ്രർ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും പിന്നീട് തുടർനടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.