mandakkadu

കുഴിത്തുറ: മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ കുംഭ മാസത്തിലെ കൊട മഹോത്സവം മാർച്ച്‌ 3ന് കോടിയേറും. രാവിലെ 7.30നും 8.39നും ഇടയിലുള്ള മുഹൂർത്തത്തിൽ തൃകൊടിയേറ്റ് നടക്കും. 12നാണ് പ്രശസ്തമായ മണ്ടയ്ക്കാട് കൊട നടക്കുക. മറുകൊട 19ന് നടക്കും. ഉത്സവ ദിനങ്ങളിൽ വിശേഷ പൂജകളും അഭിഷേകങ്ങളും നടക്കും. 3 മുതൽ 9 വരെ രാവിലെയും രാത്രിയും ദേവിയുടെ പല്ലക്കിൽ എഴുന്നള്ളത്തും നടക്കും. മാർച്ച്‌ 8ന് രാത്രി 12ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയ പടുക്ക സമർപ്പണം നടക്കും. 11ന് രാത്രി 9.30ന് വലിയ തീവെട്ടി എഴുന്നള്ളത്ത്. 12ന് പുലർച്ചെ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര തുടർന്ന് കുത്തിയോട്ട നേർച്ച. രാത്രി 9.30ന് എഴുന്നള്ളത്ത്. 12ന് ഒടുക്ക് പൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാര പ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. 1ന് ഒടുക്ക് പൂജ. 250 ട്രാൻസ്‌പോർട്ട് ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. ഉത്സവത്തോടനുബന്ധിച്ച് കേരള - തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസുകൾ പ്രത്യേക സർവീസ് നടത്തും. മാർച്ച് 1 മുതൽ തിരുവനന്തപുരത്തു നിന്ന് 16 ബസുകൾ മണ്ടയ്ക്കാടിലേക്ക് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. കളിയിക്കാവിള, കുലശേഖരം, നാഗർകോവിൽ, തക്കല, കുളച്ചൽ, കുഴിത്തുറ എന്നീ സ്ഥലങ്ങളിൽ നിന്ന് 200 തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസുകൾ പ്രത്യേക സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.