ksrtc

കെ.എസ്.ആർ.ടി.സിയെ പടുകുഴിയിൽ നിന്ന് കരകയറ്റാൻ പരമാവധി ശ്രമിച്ച് ഫലം കണ്ടുതുടങ്ങിയ ഘട്ടത്തിലാണ് മാലോകരെ ഞെട്ടിച്ചുകൊണ്ട് ടോമിൻ ജെ. തച്ചങ്കരിയെ സി.എം.ഡി സ്ഥാനത്തുനിന്ന് സർക്കാർ പുറത്താക്കിയത്. കോർപറേഷന്റെ ഭരണം നിയന്ത്രിച്ചുകൊണ്ടിരുന്ന യൂണിയനുകളുടെ ദുശ്ശാഠ്യമാണ് പുറത്താക്കലിനു പിന്നിലെ പ്രേരക ശക്തിയെന്ന് എല്ലാവർക്കും അറിയാം. ഏറെ നാളുകൾക്കു ശേഷം സർക്കാരിനു മുന്നിൽ കൈ നീട്ടാതെയും ഡിപ്പോ പണയം വയ്ക്കാതെയും മാസപ്പിറവിദിനം തന്നെ ശമ്പളം വിതരണം ചെയ്യാനായതിന്റെ ഖ്യാതി നേടി നിൽക്കുമ്പോഴാണ് തച്ചങ്കരി പുറത്താക്കപ്പെടുന്നത്. കോർപറേഷൻ ഭരണത്തിൽ നിരവധി പരിഷ്കാരങ്ങൾ വരുത്തിയും പാഴ്‌‌ ചെലവുകൾ പലതും ഒഴിവാക്കിയും സർവീസുകൾ പുനഃസംഘടിപ്പിച്ചുമെല്ലാം പ്രതിദിന വരുമാനം ഏഴുകോടി രൂപയ്ക്കുമേൽ ഉയർത്താൻ തച്ചങ്കരിക്കു സാധിച്ചു. അദ്ദേഹം പുറത്തുപോയതിന്റെ ആഘാതം കെ.എസ്.ആർ.ടി.സിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് ജീവനക്കാരിൽ പകുതിയോളം പേരുടെ പിന്തുണയുള്ള കെ.എസ്.ആർ.ടി.ഇ.എ 'ബസ് ഡേ" പരിപാടിയുമായി രംഗത്തുവന്നത്. എന്നാൽ പരിപാടി ആരംഭിച്ച ആദ്യ ദിനം തന്നെ പദ്ധതി പൊളിഞ്ഞുവെന്നാണു വാർത്ത. ശരാശരി ആറരക്കോടി ദിവസ വരുമാനം നേടിയിരുന്ന സ്ഥാനത്ത് 'ബസ് ഡേ"യുടെ ആദ്യ ദിന വരുമാനം 5.60 കോടി രൂപ മാത്രമായി ചുരുങ്ങുകയാണുണ്ടായത്. ഇത് തിരിച്ചടിയായി കാണേണ്ടതില്ലെന്നാണ് യൂണിയന്റെ വിശദീകരണം. നൂറു ദിവസത്തെ കർമ്മപരിപാടിയാണ് തങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നതെന്നും പടിപടിയായി വരുമാനം ഉയരുക തന്നെ ചെയ്യുമെന്നും വിശദീകരിക്കുന്നുമുണ്ട്. പരിപാടി വിജയിച്ചാൽ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും കൊള്ളാം. എന്നാൽ യാത്രക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രശ്നം പരിഹരിക്കപ്പെടുന്നതിനുള്ള ഉറച്ച നടപടികളാണുണ്ടാകേണ്ടത്. അതിനായി ഷെഡ്യൂളുകൾ മുടക്കം കൂടാതെ നടക്കുകയാണു ആദ്യം വേണ്ടത്. എംപാനലുകാരെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറത്താക്കിയതിനെത്തുടർന്ന് പതിവു ഷെഡ്യൂളുകൾ പലതും മുടങ്ങിയിരുന്നു. ദേശസാൽകൃത റൂട്ടുകളിൽ രൂക്ഷമായ യാത്രാക്ളേശം അനുഭവപ്പെടുന്ന പ്രദേശങ്ങൾ പലതുണ്ട്. തച്ചങ്കരി പോയതോടെ ഭരണ നിർവഹണം വീണ്ടും യൂണിയൻ നേതൃത്വങ്ങളുടെ കൈയിലായെന്ന സൂചന വന്നുകഴിഞ്ഞു. പുനഃസംഘടനയുടെ ഭാഗമായി തച്ചങ്കരി നിറുത്തലാക്കിയ പലതും അദ്ദേഹം പോയതോടെ ഓരോന്നായി മടങ്ങി എത്തിക്കഴിഞ്ഞു. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന പഴയ ഏർപ്പാടായ 'അദർ ഡ്യൂട്ടി" ഇതിനകം പുനഃപ്രവേശം ചെയ്തുകഴിഞ്ഞു. കണ്ടക്ടർമാരുടെ ക്ഷാമം രൂക്ഷമായ ഇപ്പോഴത്തെ അവസ്ഥയിലും അദർ ഡ്യൂട്ടിയുടെ മറവിൽ അദ്ധ്വാനമൊന്നുമില്ലാത്ത പോസ്റ്റുകളിൽ കയറിപ്പറ്റാൻ നോക്കുകയാണ്. തച്ചങ്കരിയുടെ കാലത്ത് കോർപറേഷന്റെ വരുമാനം വർദ്ധിച്ചുകൊണ്ടിരുന്നതിന്റെ പ്രധാന ഹേതു അദർ ഡ്യൂട്ടിക്കാരെ മുഴുവൻ അവരുടെ പഴയ ലാവണത്തിലാക്കി പണിയെടുപ്പിച്ചതാണ്. ആശാവഹമായ മാറ്റമാണ് ഈ നടപടിയിലൂടെ കൈവരിക്കാനായത്.

കൃത്യമായ ലക്ഷ്യബോധത്തോടെ പുരോഗതിയിലേക്കു കോർപറേഷൻ നീങ്ങിക്കൊണ്ടിരുന്നപ്പോൾ യൂണിയനുകളുടെ സമ്മർദ്ദത്തിനു വഴങ്ങി സർക്കാർ തച്ചങ്കരിയെ മാറ്റിയതുവഴി ഒരിക്കൽക്കൂടി അരാജകത്വത്തിലേക്കാണ് ഈ സ്ഥാപനത്തെ തള്ളിയിട്ടതെന്നു പറയേണ്ടിവരും 'ബസ് ഡേ" പരിപാടിയിലൂടെ വരുമാനം വർദ്ധിപ്പിക്കാനൊരുങ്ങുന്ന യൂണിയൻ നേതൃത്വം ആദ്യം പരിഗണിക്കേണ്ടത് യാത്രക്കാരുടെ താത്‌പര്യമാണ്. മുടങ്ങിയ ഷെഡ്യൂളുകൾ പുനരാരംഭിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ വരുമാനം കൂടാൻ പോകുന്നില്ല. യാത്രക്കാരുടെ രോഷപ്രകടനവും നേരിടേണ്ടിവരും. യൂണിയൻ തണലിൽ പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന സമ്പ്രദായം തിരികെ വരുന്നത് എത്ര ആശാസ്യമാണെന്ന് യൂണിയൻ നേതൃത്വം ചിന്തിക്കണം. തച്ചങ്കരി പോയതോടെ സ്വാതന്ത്ര്യം തിരിച്ചുകിട്ടിയെന്ന് ആശ്വസിക്കുന്നവർ അദ്ദേഹം സ്ഥാപനത്തിന്റെ നിലനില്പും പുരോഗതിയും ലക്ഷ്യമാക്കി നടപ്പാക്കാൻ ശ്രമിച്ച പരിഷ്കാരങ്ങളെ തള്ളിപ്പറയരുത്. അവയധികവും നല്ല ഫലങ്ങൾ സൃഷ്ടിക്കുന്നവയായിരുന്നുവെന്ന് ജീവനക്കാരിൽ നല്ലൊരു വിഭാഗവും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ്.

നൂറുദിവസത്തെ കർമ്മപരിപാടിയുമായി കെ.എസ്.ആർ.ടി.സിയെ ഉദ്ധരിക്കാൻ ശ്രമിക്കുന്ന എംപ്ളോയീസ് അസോസിയേഷൻ യാഥാർത്ഥ്യബോധത്തോടെ പ്രശ്നങ്ങളെ സമീപിക്കുകയാണു വേണ്ടത്. സ്ഥാപനത്തിന്റെ നിലനില്പിനായിരിക്കണം പ്രഥമ പരിഗണന. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞാലേ വരുമാനം ഉയരുകയുള്ളൂ. അതിനാകട്ടെ ഷെഡ്യൂളുകൾക്കും മുടക്കം വരരുത്. യാത്രക്കാർ കൂടുതലായ റൂട്ടുകളിൽ കൂടുതൽ ബസുകൾ ഓടിക്കണം. ഒഴിവാക്കാൻ വയ്യാത്ത കേസുകളിൽ മാത്രമേ അദർ ഡ്യൂട്ടി അനുവദിക്കാവൂ. പാരലൽ സർവീസുകൾ തേർവാഴ്ച നടത്തുന്ന റൂട്ടുകളിൽ പുതിയ ഷെഡ്യൂളുകൾ നിശ്ചയിച്ച് ബസുകൾ ഓടിക്കണം. കാര്യക്ഷമത വർദ്ധിപ്പിക്കാനുദ്ദേശിച്ച് പുതിയൊരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഷെഡ്യൂളുകളുടെ പുനഃക്രമീകരണം ഉൾപ്പെടെ വരുമാന വർദ്ധനയ്ക്കുള്ള മാർഗങ്ങൾ കണ്ടുപിടിക്കുകയാണ് സ്പെഷ്യൽ ഓഫീസറുടെ ചുമതല. യൂണിയനുകളുടെ സഹകരണമില്ലാതെ കോർപറേഷനിൽ യാതൊന്നും നടക്കാൻ പോകുന്നില്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. അതിനാൽ അവരെ വശത്താക്കി വല്ലതും ചെയ്യാനാകുമോ എന്ന് സ്പെഷ്യൽ ഓഫീസർ പരീക്ഷിക്കട്ടെ. യൂണിയനുകളെ സംബന്ധിച്ചിടത്തോളം എടുത്താൽ പൊങ്ങാത്തത്ര ഭാരമാണ് എടുക്കേണ്ടിവന്നിരിക്കുന്നതെന്ന കാര്യം മറക്കരുത്. കെ.എസ്.ആർ.ടി.സിക്കായി വീണ്ടുമൊരു രക്ഷകൻ വരുമോ എന്നതാണ് ചോദ്യം.