governer

തിരുവനന്തപുരം: സംസ്ഥാന വികസനത്തിനായി വിമാനത്താവളങ്ങൾ ആധുനികവത്കരിക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ നിർമ്മിക്കുന്ന നാല് പാർക്കിംഗ് ഏരിയ, വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സംവിധാനത്തിലൂടെ (വി.ഡി.ജി.എസ്) പ്രവർത്തിക്കുന്ന പുതിയ എയ്റോബ്രിഡ്‌ജ്, കോഴിക്കോട് വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ പുതിയ ആഗമന ബ്ലോക്ക്, വി.ഡി.ജി.എസ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന എയ്റോബ്രിഡ്‌ജ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് നടന്ന വേദികൾ തമ്മിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ബന്ധിപ്പിച്ചിരുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ നവീകരണോദ്ഘാടനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേദിയിലാണ് ഗവർണർ നിർവഹിച്ചത്. വിനോദസഞ്ചാരികളുടെ വരവ് കൂടുന്നതിനാൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ മികച്ച സൗകര്യങ്ങളൊരുക്കണമെന്നും മെച്ചപ്പെട്ട വിമാനസർവീസുകൾ ആരംഭിക്കണമെന്നും ഗവർണർ പറഞ്ഞു.

കേന്ദ്ര മന്ത്രി സുരേഷ് പ്രഭു വീഡിയോ കോൺഫറൻസിലൂടെ മുഖ്യപ്രഭാഷണം നടത്തി. നാലുവർഷത്തിനിടെ സിവിൽ ഏവിയേഷൻ മേഖലയിൽ യാത്രക്കാരുടെ വൻ വർദ്ധനയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ ദക്ഷിണമേഖല എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ശ്രീകുമാർ, എയർപോ‌ർട്ട് ഡയറക്ടർ സി.വി. രവീന്ദ്രൻ, തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ,​ എയർഫോഴ്സ് ശംഖുംമുഖം സ്റ്റേഷൻ കമാൻഡർ പി.കെ. അവസ്തി,​ വിമാനത്താവളം ഉപദേശകസമിതി അംഗം ബെർബി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.