തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളും, പ്രസവം നടക്കുന്ന ആശുപത്രികളിലെ ഡെലിവറി പോയിന്റുകളും ശക്തിപ്പെടുത്താൻ 12.79 കോടി രൂപയ്‌ക്ക് മന്ത്രി കെ.കെ. ശൈലജ ഭരണാനുമതി നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ നൂതന ഉപകരണങ്ങൾ വാങ്ങുന്നതിന് 9.79 കോടിയും, പ്രസവം നടക്കുന്ന ആശുപത്രികളിലെ ഡെലിവറി പോയിന്റുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് മൂന്ന് കോടിയുമാണ് അനുവദിച്ചത്. എത്രയും വേഗം ഉപകരണങ്ങൾ പ്രവർത്തനസജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായി ഡിസ്‌പോസിബിൾ ഡെലിവറി കിറ്റ്, ഡിസ്‌പോസിബിൾ സിസേറിയൻ കിറ്റ്, ഇൻഫ്യൂഷൻ പമ്പ്, നോൺ പ്‌ന്യൂമാറ്റിക് ആൻഡിഷോക്ക് ഗാർമെന്റ്, ഫീറ്റൽ മോണിറ്റർ, മൾട്ടി പാരാമീറ്റർ മോണിറ്റർ, ഡെലിവറി സെറ്റ്, പോർട്ടബിൾ സ്‌പോട്ട് ലൈറ്റ്, ലേബർ സ്യൂട്ട്, ഇൻകുബേറ്റർ എന്നിവയും, മറ്റ് ആശുപത്രികളിലേക്കായി ഫീറ്റൽ മോണിറ്റർ, മൾട്ടിപാരാമീറ്റർ മോണിറ്റർ, ഡെലിവറി സെറ്റ്, നോൺ പ്‌ന്യൂമാറ്റിക് ആൻഡിഷോക്ക് ഗാർമെന്റ് തുടങ്ങിയവയും വാങ്ങാനാണ് തുക അനുവദിച്ചത്.
ഗർഭകാല പരിപാലനത്തിനും ഗർഭിണികൾക്കുള്ള സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടെയുള്ള ജീവനക്കാരുടെ തസ്തികകളും സൃഷ്ടിച്ചു.