പാറശാല: 12 വയസിന് താഴെയുള്ള കുട്ടികളിലെ വളർച്ച വൈകല്യങ്ങൾക്കെതിരെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലെ ബാലചികിത്സ വിഭാഗം മുഖേന നടപ്പിലാക്കി വരുന്ന 'സ്നേഹധാര ' ചികിത്സാ പദ്ധതിയുടെ പാറശാല ശാഖയുടെ ഉദ്‌ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ. ഡോ.ടി.എസ്. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ആർ. സലൂജയും, മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷും നിർവഹിച്ചു. ഡോ. രോഷ്‌നി അനിരുദ്ധൻ ചികിത്സാ വിവരണം നടത്തി. പാറശാല ഗവ. ആയുർവേദ ആശുപത്രി സി.എം.ഒ.ഡോ. മാത്യു എൻ.പി, പദ്ധതി മെഡിക്കൽ ഓഫീസർ ഡോ. ഗഗന. ജി.എസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ്ൻ മഞ്ചുസ്മിത, വൈ. സതീഷ്, എം. സെയ്ദലി, സി. രാജൻ എന്നിവർ സംസാരിച്ചു.