arrest

ചിറയിൻകീഴ്: നാടൻ ബോംബുകളും ഒരു കിലോയിലേറെ കഞ്ചാവുമായി കൊലക്കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം വിളവീട്ടിൽ ഒട്ടകം എന്നുവിളിക്കുന്ന രാജേഷ് (32), ഇടയ്ക്കോട് ഊരുപൊയ്കയിൽ കുര്യനെന്ന വിനീത് (25), ചെമ്പകമംഗലം സ്വദേശി മണിക്കുട്ടനെന്ന പ്രതീഷ് (20) എന്നിവരാണ് പിടിയിലായത്.

അഴൂർ റെയിൽവേ ഗേറ്റിന് സമീപം ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷും സംഘവും നടത്തിയ വാഹന പരിശോധനിയിൽ സംഘം പിടിയിലാവുകയായിരുന്നു. അഴൂർ, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ, പെരുങ്ങുഴി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന ഇവർ, ചില്ലറ വില്പനയ്ക്കായി കഞ്ചാവ് ബൈക്കിൽ കൊണ്ടുവരികയായിരുന്നു. പരിശോധനയിലാണ് ഇടുപ്പിൽ ഒളിപ്പിച്ചിരുന്ന വെട്ടുകത്തിയുൾപ്പടെയുള്ള ആയുധങ്ങളും തുടർന്ന് ബൈക്കിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബും കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്ന് അഞ്ച് നാടൻ ബോംബുകളും മഴു, വാക്കത്തി തുടങ്ങിയ മാരകായുധങ്ങളും പിടിച്ചെടുത്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നവരിൽ പ്രധാനികളാണ് ഇവർ. ഇവരെ എക്സൈസ് ഓഫീസിലെത്തിച്ച ശേഷം ബോംബുൾപ്പടെയുള്ള ആയുധങ്ങൾ ചിറയിൻകീഴ് പൊലീസിന് കൈമാറി. രാജേഷ് രണ്ട് കൊലക്കേസ് ഉൾപ്പെടെ 12 ക്രിമിനൽ കേസുകളിൽ പ്രതിയും മറ്റ് രണ്ട് പേർ വധശ്രമ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളുമാണ്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, ബിനു താജുദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനു, ഹാഷിം, ബിനു, ആജിത്ത് കുമാർ എന്നിവരുൾപ്പെട്ട എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നാടൻ ബോംബ് ഉണ്ടാക്കിയതിനും ആയുധങ്ങൾ കൈവശം വച്ചതിനും പൊലീസ് മറ്റൊരും കേസും ഇവർക്കെതിരെ എടുത്തിട്ടുണ്ട്. രാജേഷിനെയും വിനീതിനെയും കോടതി റിമാൻഡ് ചെയ്തു.