വിഴിഞ്ഞം: മീഡിയ അക്കാഡമിയുടെ മാദ്ധ്യമ ചരിത്രയാത്ര ഇന്നലെ വെങ്ങാനൂരിൽ എത്തി. അയ്യങ്കാളിയുടെ സാധുജന പരിപാലിനി പത്രത്തിന്റെ വെങ്ങാനൂരിലെ സ്മാരകവും സ്കൂളും സംഘം സന്ദർശിച്ചു. ഇന്നലെ രാവിലെ നെയ്യാറ്റിൻകരയിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹത്തിൽ നിന്ന് ഡോ. സെബാസ്റ്റ്യൻ പോൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഉച്ചയോടെ സ്കൂളിൽ എത്തിയ മാദ്ധ്യമ സംഘം അയ്യങ്കാളി സ്കൂളിലെത്തി വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സംവദിച്ചു. സ്കൂൾ കുട്ടികളെ ഇന്റർവ്യൂ നടത്തി പലരും അത് കാമറയിൽ പകർത്തി. കേരളകൗമുദി അങ്കണത്തിൽ നിന്ന് വ്യാഴാഴ്ചയാണ് മാദ്ധ്യമ ചരിത്ര യാത്രയ്ക്ക് തുടക്കം കുറിച്ചത്. 80 ഓളം മാദ്ധ്യമ പഠന വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘമാണ് വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിലും അയ്യങ്കാളി സ്ഥാപിച്ച സ്കൂളിലും എത്തിയത്. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, സിനിമാ സംവിധായിക വിധുവിൻസന്റ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവർ ചരിത്ര യാത്രയ്ക്കൊപ്പമുണ്ടായിരുന്നു.