ramesh

തിരുവനന്തപുരം: കാസർകോട്ട് എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെങ്കിൽ മുഖ്യമന്ത്രി ആ വീടുകൾ സന്ദർശിക്കേണ്ടതായിരുന്നു. അതിനുള്ള മനസ്സു പോലും അദ്ദേഹം കാണിക്കാതിരുന്നത് കുറ്റവാളികളോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്. കഠാരമുനയിലും വാളിൻതുമ്പിലും ഒരു രാഷ്ട്രീയ പ്രസ്ഥാനവും രക്ഷപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം- ചെന്നിത്തല പറഞ്ഞു.

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത് കേസ് അട്ടിമറിക്കാനാണ്. സർക്കാരിന് വിധേയത്വമുള്ള പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചാൽ ഒരിക്കലും സത്യം പുറത്തുവരില്ല. സി.ബി.ഐ അന്വേഷണത്തിനായി യു.ഡി.എഫ് ഏതറ്റം വരെയും പോകുമെന്നും, പൊലീസ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നിയോഗിച്ച റോബോട്ടിനെ ഡി.ജി.പിയുടെ സ്ഥാനത്ത് വച്ചാൽ ഇതിലും നന്നായി കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനാവുമെന്നും ചെന്നിത്തല പറഞ്ഞു.