smart-city

തിരുവനന്തപുരം: നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്നുമാസത്തിനുള്ളിൽ പാർക്കുകളുടെ നവീകരണം ഉൾപ്പെടെ നടപ്പാക്കാൻ ലക്ഷ്യമിട്ട് നഗരസഭ. ഗാന്ധിപാർക്ക്, ശ്രീകണ്ഠേശ്വരം, കോട്ടയ്ക്കകത്തെ ശ്രീ ചിത്ര പാർക്കുകളാണ് ഓപ്പൺ ജിം, കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തി അധുനികവത്കരിക്കുക. നഗരത്തിലെ ടോയ്ലറ്റുകളും മൂന്നുമാസത്തിനുള്ളിൽ നവീകരിക്കും. ശുദ്ധജലത്തിനായി കിയോസ്കുകളും സ്ഥാപിക്കും. പുറത്തുനിന്ന് എത്തുന്നവർക്ക് താമസ സൗകര്യം, നഗരത്തെക്കുറിച്ചുള്ള വിവരം ഓൺലൈനിൽ ലഭ്യമാക്കൽ എന്നിവയും നടപ്പാക്കും.

എന്നാൽ ചെറിയ ചില പദ്ധതികൾ ഒഴികെ മിക്ക പദ്ധതികളുടെയും പൂർണരൂപം ഇനിയും തയ്യാറായിട്ടില്ല. ജൂണിനുള്ളിൽ പദ്ധതികൾക്ക് അന്തിമരൂപം നൽകുമെന്നാണ് അധികൃതർ പറയുന്നത്. 1538 കോടി രൂപ ചെലവിൽ 43 പദ്ധതികളാണ് സ്മാർട്ട് സിറ്റിയിലുള്ളത്. ജൂണിനകം ഇവയുടെ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കേണ്ടതുണ്ട്. ഇത് പലതും പല ഘട്ടത്തിലാണ്. തുടക്കത്തിൽ പദ്ധതിയുടെ കൺസൾട്ടൻസി ഏറ്റെടുത്ത ഏജൻസിയെ മാറ്റി പുതിയ ഏജൻസിയെ നിയമിക്കേണ്ടിവന്നതാണ് നടപടികൾ വൈകാൻ കാരണമായത്. ഡൽഹി ആസ്ഥാനമായ ഐ.പി.ഇ ഗ്ളോബൽ ഇന്ത്യ എന്ന സ്ഥാപനമാണ് നിലവിലെ കൺസൾട്ടൻസി. 2022നകം സ്മാർട്ട് സിറ്റി പദ്ധതി പൂർണമായും നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

ചില പ്രധാന പദ്ധതികൾ
 600 കോടി ചെലവഴിച്ച് 72 കിലോമീറ്റർ ദൂരത്തിൽ സ്മാർട്ട് റോഡുകൾ

 90 കോടി ചെലവിൽ പാളയം ചന്തയുടെ നവീകരണം

 90 കോടിയിൽ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യങ്ങൾ