സമർപ്പണം ഇന്ന് വൈകിട്ട് 4ന്
പത്തനംതിട്ട: പെരുമ്പെട്ടിയിലെ പനയ്ക്കപതാലിൽ കണ്ടൻ കുമാരൻ സ്മാരക സാംസ്കാരിക നിലയം യാഥാർത്ഥ്യമാകുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സുജാത നിലയം ഇന്ന് വൈകിട്ട് 4ന് നാടിന് സമർപ്പിക്കും. തമസ്കരിക്കപ്പെട്ട ചരിത്ര നായകന്റെ ചരിത്രപ്രസിദ്ധമായ പ്രജാസഭ പ്രസംഗത്തിന്റെ 102-ാം വാർഷികത്തിലാണ് ആ നാമധേയം ശാശ്വതീകരിക്കാൻ നാട് ഒരുങ്ങുന്നതെന്ന് സാംബവ മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി പറഞ്ഞു.
1917 ഫെബ്രുവരി 22ന് ശ്രീമൂലം പ്രജാസഭയിൽ പറയ സമുദായ പ്രതിനിധിയായ കണ്ടൻ കുമാരൻ നടത്തിയ പ്രസംഗത്തെ ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ശംഖനാദമായി വിലയിരുത്തപ്പെടുന്നു. അനുകൂലമല്ലാത്ത ഭൗതിക സാഹചര്യത്തിലും 52 ഏകാദ്ധ്യാപക വിദ്യാലയങ്ങൾ അദ്ദേഹത്തിന് നടത്താൻ കഴിഞ്ഞത് വിസ്മയാവഹമാണ്. 1911 ആഗസ്റ്റ് 29ന് കണ്ടൻ കുമാരന്റെ നേതൃത്വത്തിൽ തുടക്കമിട്ട ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം നടത്തിയ ഉജ്വലമായ പോരാട്ടമായിരുന്നു അത്.
1863 ഒക്ടോബർ 25ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പെരുമ്പെട്ടി കാവാരികുളം വീട്ടിൽ കണ്ടന്റെയും മാണിയുടെയും മകനായിട്ടായിരുന്നു ജനനം. ജാതീയമായ വിലക്കുകളും വിവേചനങ്ങളും അടിമത്വവും ചെറുത്ത് തോല്പിച്ച് തന്റെ ജനതയെ അന്തസുള്ളവരും ആത്മാഭിമാനികളും അവകാശബോധമുള്ളവരുമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. അയ്യങ്കാളി കഴിഞ്ഞാൽ കീഴാള ജാതിക്കാരിൽ ഏറ്റവും കൂടുതൽ കാലം സാമാജികൻ ആയിരുന്നതും കണ്ടൻ കുമാരനാണ്. 1934 ഒക്ടോബർ 16ന് അദ്ദേഹം ദിവംഗതനായി.