വിതുര: പഞ്ചായത്തിലെ പ്രധാന ആദിവാസി മേഖലയായ മണലിയിൽ ഒരു ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ടു ഗതാഗത യോഗ്യമായ പുതിയ പാലം യാഥാർഥ്യമാകുന്നു. കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും നബാർഡ് ഫണ്ടും ചേർത്താണ് പുതിയ പാലം നിർമ്മിക്കുന്നത്.
2.10 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ച പുതിയ പാലത്തിനു നബാർഡ് ഫണ്ടിൽ നിന്നും 1. 68 കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്നും 42 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്.
ജലസേചന വകുപ്പിന്റെയും വനം വകുപ്പിന്റെയും അനുമതികൾ ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കിടക്കുകയാണെന്ന് ശബരീനാഥൻ എം.എൽ.എ അറിയിച്ചു. ഇത് കഴിഞ്ഞാലുടൻ പാലം നിർമ്മാണം ആരംഭിക്കും. മണലി നിവാസികളുടെ ചിരകാലാഭിലാഷമായ പാലം എന്ന സ്വപ്നം പൂവണിയിക്കുന്നതിനായി ഫണ്ട് അനുവദിച്ച കെ.എസ്.ശബരിനാഥൻ എം.എൽ.എക്ക് യൂത്ത്കോൺഗ്രസ് ആനപ്പാറ മണ്ഡലം കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
മണലി ജനതയ്ക്ക് ഗതാഗത യോഗ്യമായ പാലം എന്നത് വലിയൊരു സ്വപ്നമായിരുന്നു. 25 വർഷം മുൻപ് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇവിടുത്തെ പാലം ഒലിച്ചു പോയിരുന്നു. മണലിയിൽ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലമില്ലാത്തതിനാൽ കാൽനൂറ്രാണ്ടായി ഇവിടത്തുകാർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ഈ ദുരിതത്തിനാണ് പാലം വരുന്നതോടെ ശമനമാകുന്നത്.
പാലം ഇല്ലാതെ വന്നതോടെ നദി മുറിച്ചുകടക്കുന്നതിനിടയിൽ നിരവധി പേർ നദിയിൽ മുങ്ങി മരിച്ചിട്ടുണ്ട്. തുടർന്ന് നാട്ടുകാർ കമ്പും തടികളും ഉപയോഗിച്ച് താത്കാലിക നടപ്പാലം ഒരുക്കിയിരുന്നു. കാലങ്ങൾ കഴിഞ്ഞു താത്കാലിക പാലം കൂടി തകർന്നതോടെ സഞ്ചരിക്കാൻ കിലോമീറ്റർ താണ്ടേണ്ട അവസ്ഥയായി. പിന്നീട് ചെറിയ വാഹനങ്ങൾ കടന്നു പോകാനുള്ള ഇരുമ്പ് പാലം നിർമ്മിച്ചുവെങ്കിലും അതും ഇപ്പോൾ അപകടാവസ്ഥയിൽ ആണ്. ഇരുമ്പ് പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം കൂടി നിരോധിച്ചതോടെ ഇവിടത്തുകാരുടെ യാത്ര വീണ്ടും ചുറ്റിക്കറങ്ങേണ്ട അവസ്ഥയായി.
നാളുകളായി ഇവിടുത്തെ നാട്ടുകാർ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരമായാണ് ഇപ്പോൾ പുതിയ പാലം നിർമ്മിക്കുന്നത്. ഈ പാലം പൂർത്തിയാകുന്നതോടെ പാലോട് ഭാഗത്തു നിന്നും കിലോമീറ്ററുകൾ ലാഭിച്ചു പൊൻമുടിയിൽ എത്താൻ കഴിയും. കൂടാതെ ഇത് വഴി പുതിയ ബസ് സർവീസുകൾ തുടങ്ങാനും സാധിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആദിവാസി ജനതയുടെ വലിയൊരു സ്വപ്നം ഇവിടെ സാക്ഷാത്ക്കരിക്കുന്നത്.