വെള്ളറട: അതിർത്തിക്കപ്പുറം പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ശക്തമാക്കിയതോടെ കേരളത്തിലെ ഗ്രാമങ്ങളിൽ പ്ലാസ്റ്റിക് വില്പന പൊടിപൊടിക്കുകയാണ്. തമിഴ്നാട്ടിലെ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറികളും ഇതോടെ അടച്ചുപൂട്ടി. നിലവിൽ ഉത്പാദിപ്പിച്ച ക്യാരീബാഗുകളുടെ വില്പന കേന്ദ്രമാകുകയാണ് കേരളത്തിലെ ഗ്രാമങ്ങൾ. എന്നാൽ ഇവിടെയാകട്ടെ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണ്. നിരോധന ഉത്തരവുകൾ പുറത്തുവന്നതോടെ ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തുവെങ്കിലും കച്ചവടം പഴയപടിതന്നെയാണ്. ഇവിടുത്തെ മാർക്കറ്റുകളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പ്ലാസ്റ്റിക് ക്യാരീബാഗുകൾ ഇടം പിടിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണം നൽകരുതെന്ന കർഷന നിയമം ഉണ്ടെങ്കിലും അതും പാലിക്കാറില്ല. പ്ലാസ്റ്റിക് കവറുകളിലും പ്ലാസ്റ്റിക് പേപ്പറുകളിലുമാണ് ചൂടുള്ള ഭക്ഷണങ്ങൾ വിളമ്പുന്നത്. നിയന്ത്രണം പ്രഖ്യാപിച്ചിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഇല്ലാത്തതാണ് പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാൻ കഴിയാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. ഗ്രാമങ്ങളിൽ നിന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കർഷനമായ നടപടികൾ സ്വീകരിക്കണമെന്നും ബോധവത്കരണം കൊണ്ട് കാര്യമായ മാറ്റം വരുത്താൻ കഴിയില്ലെന്നുമാണ് ജന പക്ഷം.
അതിർത്തിക്കപ്പുറം പ്ലാസ്റ്റിക് ഉല്പാതനം നിരോധിച്ചെങ്കിലും ഇപ്പോഴും രഹസ്യമായി പ്ലാസ്റ്റിക് നിർമ്മാണം നടക്കുന്നുണ്ട്. ഇത് വിറ്റഴിക്കുന്നതാകട്ടെ നമ്മുടെ ഗ്രാമങ്ങളിലും. ഇവ വില്പന നടത്താൻ പ്രത്യേകം സംഘങ്ങളും ഇവിടെയുണ്ട്. ഇവിടെയും ശക്തമായ നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ പ്ളാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയുകയുള്ളു. വ്യാപകമായാണ് മത്സ്യചന്തകളിലും മറ്റു കടകളിലും ഇപ്പോൾ പ്ളാസ്റ്റിക് നിർമ്മിത ക്യാരിബാഗുകൾ ഉപയോഗിക്കുന്നത്. നിരോധനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയത് കച്ചവടക്കാർക്ക് ഏറെ ഗുണകരമായി. തുടർ നടപടികൾ സ്വീകരിക്കേണ്ടവർ ഇതൊന്നും കാണുന്നതുമില്ല. പ്ളാസ്റ്റിക് ഉപയോഗത്തിലൂടെ ഉമ്ടാകുന്ന രോഗങ്ങളെംക്കുറിച്ച് കാര്യമായ അറിവ് ലഭിക്കാത്തതാണ് ഉപയോഗം വീണ്ടും വർദ്ധിക്കാൻ ഇടയാക്കുന്നത്.
ഗ്രാമങ്ങളിലെ പല ഭാഗവും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുകയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നും ഗ്രാമങ്ങളിലെ റോഡുവക്കിലും ഓഴിഞ്ഞ സ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കാനെത്തുന്നവരും കുറവല്ല. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറകളൊ സ്ട്രീറ്റ് ലൈറ്റുകളൊ ഗ്രാമങ്ങളിലെ റോഡുകളിൽ സ്ഥാപിച്ചിട്ടില്ല. ഇതും മാലിന്യം നിക്ഷേപിക്കാനെത്തുന്നവർക്ക് സഹായകമാകുന്നുണ്ട്.