kaanam-rajendran
kaanam rajendran

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി സാദ്ധ്യതാ പാനലുകൾ തയ്യാറാക്കാൻ പാർട്ടിയുടെ വിവിധ ജില്ലാ കൗൺസിലുകൾ മാർച്ച് ഒന്നിന് ചേരാനിരിക്കെ, തിരുവനന്തപുരത്ത് മത്സരിക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു മേൽ സമ്മർദ്ദം. ജില്ലാ നേതൃത്വത്തിൽ നടക്കുന്ന അനൗപചാരിക ചർച്ചകളിൽ കാനം രാജേന്ദ്രന്റെ പേരിനു മാത്രമാണ് മേൽക്കൈ.

കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗം ആനി രാജ, സംസ്ഥാന നിർവ്വാഹകസമിതി അംഗവും നെടുമങ്ങാട് എം.എൽ.എയുമായ സി. ദിവാകരൻ എന്നിവരുടെ പേരുകൾ ചർച്ചകളിൽ ഉയരുന്നുണ്ടെങ്കിലും, സ്വീകാര്യത കണക്കിലെടുത്ത് സാദ്ധ്യതാ പാനലിലെ ഒന്നാമനായി കാനം രാജേന്ദ്രന്റെ പേര് ജില്ലാ കൗൺസിൽ നിർദ്ദേശിക്കാനാണ് അധിക സാദ്ധ്യത. മത്സരിക്കാനില്ലെന്ന നിലപാടിൽ കാനം ഇപ്പോഴും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ കൗൺസിൽ തീരുമാനം നിർണായകമാകും.

മാവേലിക്കര മണ്ഡലത്തിലേക്ക് ഏറ്റവുമൊടുവിൽ സാദ്ധ്യത കൂടുതൽ കല്പിക്കപ്പെടുന്നത് അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലാ കൗൺസിലുകളാണ് മാവേലിക്കരയിലേക്കുള്ള സാദ്ധ്യതാപാനലുകൾ സമർപ്പിക്കേണ്ടത്. പത്തനംതിട്ടയിൽ നിന്നാകും ചിറ്റയത്തിന്റെ പേര് ഉയരുക. മൂന്ന് ജില്ലാ കൗൺസിലുകളും മൂന്നുവീതം പേരുകൾ നിർദ്ദേശിച്ചാൽ ഒമ്പതു പേരുകളാവും സാദ്ധ്യതാപാനലിൽ. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാവേലിക്കര മണ്ഡലത്തിലെ വിധിനിർണ്ണയം നിർണായകമാണ്. പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കെ.പി.എം.എസ് വിഭാഗം ശബരിമല വിഷയത്തിൽ ഇടതു മുന്നണിക്ക് ഒപ്പമായതോടെ ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഇവിടെ പ്രതീക്ഷിക്കുന്ന ഇടതുനേതൃത്വം കേരള കോൺഗ്രസ്- ബി ഇടതു മുന്നണിയുടെ ഭാഗമായതും ഗുണമാകുമെന്ന് കരുതുന്നു. സിറ്റിംഗ് എം.പി കൊടിക്കുന്നിൽ സുരേഷിന് ശക്തനായ എതിരാളി തന്നെ വേണമെന്ന നിഗമനത്തിലാണ് സി.പി.ഐ.

തൃശൂരിൽ സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, മന്ത്രി വി.എസ്. സുനിൽകുമാർ എന്നീ പേരുകൾ സജീവമായുണ്ട്. മൂന്നംഗ പാനലിൽ സുനിൽകുമാർ ഇവിടെ ഉൾപ്പെടുമോയെന്നാണ് അറിയേണ്ടത്. അദ്ദേഹം പാർലമെന്റിലേക്ക് മത്സരിക്കാൻ വിമുഖത അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ കഴിഞ്ഞ തവണ മത്സരിച്ച സത്യൻ മൊകേരിയുടെ ഭാര്യയും പാർട്ടി ദേശീയ കൗൺസിൽ അംഗവുമായ പി. വസന്തത്തിന്റേതടക്കം നിരവധി പേരുകൾ ചർച്ചയിലാണ്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലാ കൗൺസിലുകൾ ഇവിടേക്ക് പാനലുകൾ സമർപ്പിക്കണം.

മാർച്ച് 2, 3 തീയ്യതികളിൽ സംസ്ഥാന നേതൃയോഗങ്ങളും നാലു മുതൽ ആറു വരെ ദേശീയ നേതൃയോഗങ്ങളും ചേർന്നതിനു ശേഷമാകും സി.പി.ഐയുടെ അന്തിമസ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക.