ഇന്നത്തെ ലോകത്ത് ശത്രുക്കളില്ലാത്ത ഒരാളെ കണ്ടെത്താൻ പ്രയാസമാണ്. എത്രയധികം ദാനം ചെയ്യുന്നയാളിനും എത്ര നല്ല കാര്യങ്ങൾ ചെയ്യുന്നയാളിനും വരെ ഇന്നു ശത്രുക്കളുണ്ട്. ഈ ശത്രുത്വം എവിടെ നിന്നും വരുന്നതാണ് ? വിദ്യാഭ്യാസമില്ലായ്മയിൽ നിന്നോ ധനസ്ഥിതിയില്ലായ്മയിൽ നിന്നോ സാമൂഹ്യമായ പിന്നാക്കാവസ്ഥയിൽ നിന്നോ രാഷ്ട്രീയ പ്രത്യയശാസ്ത്ര വിശ്വാസങ്ങളിൽ നിന്നോ ഒന്നും വരുന്നതല്ല ഇത്. ഒരുപക്ഷേ ഇതുകൊണ്ടൊക്കെയാണു ഒരാൾക്ക് മറ്റൊരാളോടു ശത്രുതയുണ്ടാകുന്നതെന്ന തോന്നൽ പലർക്കുമുണ്ടാകാമെങ്കിലും വാസ്തവം അതല്ല. സമഭാവനയില്ലായ്മയിൽ നിന്നും സമബുദ്ധിയില്ലായ്മയിൽ നിന്നുമാണ് വിദ്വേഷത്തിന്റെയും വിയോജിപ്പിന്റെയുമൊക്കെ ഏതൊരു മുളയും പൊട്ടിവളരുന്നത്.
വിദ്യാലയങ്ങളുടെ എണ്ണവും അഭ്യസ്തവിദ്യരുടെ വർദ്ധനവും സാക്ഷരതയുടെ പെരുപ്പവും സാമൂഹ്യനീതി ബോധത്തെക്കുറിച്ചുള്ള ബോധവത്കരണവുമെല്ലാം ഇക്കാലത്ത് വളരെയധികം കൂടി വന്നിട്ടുണ്ടെങ്കിലും മനുഷ്യർ തമ്മിലുള്ള ശത്രുതകളിൽ യാതൊരു കുറവും വന്നു കാണുന്നില്ല. നാലുപേർ കൂടുന്നിടത്ത് മൂന്നുപേരും വിയോജിക്കുന്ന കാഴ്ച ഈ പ്രകൃതിയിൽ മനുഷ്യർക്കിടയിൽ മാത്രം കാണുന്ന ഒരു സവിശേഷതയായി മാറിയിരിക്കുന്നു.
ശത്രുത ലോകരാജ്യങ്ങളെ തമ്മിൽ അടിപ്പിക്കുന്നതിനും സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനും സമുദായങ്ങളെ തമ്മിൽ ഏറ്റുമുട്ടിക്കുന്നതിനും കാരണമായിത്തീരുന്നതുപോലെതന്നെ കുടുംബങ്ങളെയും താറുമാറാക്കിക്കൊണ്ടിരിക്കുകയാണ്. ചില ശത്രുതകൾ ഒറ്റവാക്കിൽ പറഞ്ഞു തീർക്കാവുന്നതേയുള്ളൂവെങ്കിലും അതു വേണ്ടുംവണ്ണം പറയാനും കൊള്ളാനും അംഗീകരിക്കാനും ആകാത്തവിധം മനുഷ്യർ പരസ്പരം അകലുകയാണ്. താത്കാലികമായുണ്ടാകാവുന്ന ചില അല്പലാഭത്തിനു വേണ്ടിയോ സുഖലബ്ധിക്കുവേണ്ടിയോ പോരടിക്കുന്നവർക്ക് ജീവിതത്തിൽ ഉണ്ടായേക്കാവുന്ന വലിയ നേട്ടങ്ങൾ ഇതുമൂലം നഷ്ടപ്പെട്ടുപോകും. എത്ര നഷ്ടം വന്നാലും ശത്രുത കൈവിടാത്തവരെത്രയോ നമുക്ക് ചുറ്റിലുമുണ്ടെന്നത് വേദനാജനകമായൊരു യാഥാർത്ഥ്യമാണ്. ശത്രുത കൊണ്ട് ചെറിയ നേട്ടങ്ങൾ ഉണ്ടാക്കിയവരുടെ ജീവിതത്തിൽ അതുമൂലം ഉണ്ടായിട്ടുള്ള വലിയ കോട്ടങ്ങളെത്രയെന്ന് നാം ഒരു മാത്രയെങ്കിലും ഏകനായിരുന്നു ചിന്തിക്കുന്നതായാൽ ഒരു വസ്തുത വ്യക്തമായി ബോധ്യപ്പെടും. അതായത് ശത്രുത കൊണ്ട് അന്തിമമായി നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന സത്യം ഓരോ നിഴലുകളും വെളിച്ചത്തിനു മറയാകുന്നതുപോലെ ഓരോ ശത്രുതയും നമ്മുടെ ജീവിതത്തിന്റെ സൗകുമാര്യതയെ കുറയ്ക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും നമ്മൾ ജീവിതത്തെ പ്രകാശിപ്പിക്കുന്ന സ്നേഹത്തിന്റെ തിരികൾ കൊളുത്താൻ വൈമനസ്യം കാണിക്കുകയാണ്. ആത്മവിശ്വാസം പകരുവാനും പകർത്തുവാനും വാക്കുകൾ കൊണ്ട് കഴിയുമെന്നിരിക്കെ അതിനുമുതിരാതെ വാക്കുകളാൽ പ്രകോപനമുണ്ടാക്കുന്നവൻ എത്ര ഉന്നതസ്ഥാനീയനായാലും ആത്മീയദരിദ്രനാണ്.
ശത്രുത കൊണ്ട് യാതൊന്നും കയ്യടക്കാനാവുകയില്ലെന്നു ചരിത്രം നമ്മെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശത്രുത മനസിന്റെ മൃദുലഭാവങ്ങളെ കാട്ടുതീ കരിയിലയെയെന്നപോലെ കത്തിച്ചുകളയുകയും ചെയ്യും. മനസിൽ ശത്രുതയുള്ളവന് ഒരിക്കലും ആത്മീയമായ ഉണർവ് ഉണ്ടാവുകയില്ലെന്നതാണ് നേര്. അതുണ്ടാകാത്തിടത്തോളം ഒരുവന് ഒരിക്കലും ശ്രേഷ്ഠമായൊരു ജീവിതവും ഉണ്ടാവുകയില്ല. നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ചരിത്രത്തിലും ഇതിനു വേണ്ടത്ര ദൃഷ്ടാന്തങ്ങളുണ്ട്.
അതുകൊണ്ട് സ്നേഹത്തിന്റെ കതിരുകൾ മുളപ്പിക്കാനുള്ള മനപ്പാകം നമുക്കുണ്ടാകണം. സ്നേഹത്തിന്റെ നനവിൽ നനയാത്തതും നിനവിൽ നിനയാത്തതുമായി ഈ ലോകത്ത് യാതൊന്നുമില്ല. ഈ സ്നേഹത്തിന്റെ നേർത്ത ചരടിലാണു ഓരോ കുടുംബവും കോർക്കപ്പെടേണ്ടത്. അതില്ലാത്തിടത്ത് വാക്ക് വിഷമായും വിഷയമായും അതുള്ളിടത്ത് വാക്ക് വിഷുവായും (സമത്വം) വിഷയിയായും (മുമുക്ഷു) അനുഭവവേദ്യമാകും. ഈ തിരിച്ചറിവിലേക്കുയർത്തിയ ഒരു പിതാവിന്റെ അനുഭവം പറയാം.
വിദ്യാലയങ്ങളൊന്നും വന്നെത്താത്ത ഒരു ഉൾനാടൻ ഗ്രാമം. അവിടെ കൃഷിപ്പണികൊണ്ട് മാത്രം ഉപജീവനം നടത്തിവന്നിരുന്ന ഒരു സാധു കർഷകനായിരുന്നു ഉത്തമൻ. അയാൾക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. സൂര്യോദയത്തിനുമുൻപുതന്നെ വയലിലിറങ്ങി പണിയെടുത്തു തുടങ്ങുന്ന ഉത്തമന് ഒരു മകനേയുണ്ടായിരുന്നുള്ളൂ. അവനാണു ദിവസവും അയാൾക്ക് കൃഷിയിടത്ത് ആഹാരം കൊണ്ടു കൊടുത്തിരുന്നത്. ഒരു ദിവസം നേരമേറെയായിട്ടും ആഹാരമെത്തിയില്ല. അന്നതിനു അയാൾ മകനെ കണക്കറ്റ് ശകാരിച്ചു. പിറ്റേന്നു നേരം വെളുത്തപ്പോൾ വെള്ളമെടുക്കാൻ അയാൾ മകനെ വിളിച്ചു. അവൻ വിളി കേട്ടില്ല. വീണ്ടും വീണ്ടും അയാൾ ഒച്ചകൂട്ടി മകനെ വിളിച്ചെങ്കിലും അതിനൊന്നും മറുപടിയുണ്ടായില്ല. ഒടുവിൽ തന്റെ ശകാരത്തിൽ മനം നൊന്തിട്ടു അവൻ വീടുവിട്ടിറങ്ങിപ്പോയതായി അയാൾ മനസിലാക്കി. ഉത്തമനു അതു സഹിച്ചില്ല. ആഴ്ചയൊന്നു കഴിഞ്ഞു. അയാൾ നിലവിളിക്കുകയും ബഹളം വെയ്ക്കുകയുമൊക്കെ ചെയ്തു. വിവരമറിഞ്ഞ അയൽപ്പക്കത്തെ ഒരുവൻ ഒരു ബുദ്ധി ഉപദേശിച്ചു. നമുക്ക് ഒരു ബോർഡ് എഴുതി ചന്തയിൽ വയ്ക്കാം. ഉത്തമനും അതു സമ്മതമായി. അങ്ങനെ അവൻ ഒരു പലകയിൽ ഉത്തമൻ പറഞ്ഞതുപോലെ കരി കൊണ്ട് ഇപ്രകാരം എഴുതി ചന്തയിൽ കൊണ്ടുപോയി വച്ചു. 'മകനെ നിന്റെ അച്ഛനും അമ്മയുമെല്ലാമായ എനിക്ക് ഒരു ദിവസം പോലും നിന്നെക്കൂടാതെ ജീവിക്കാനാവില്ല. നാളെ ഞാൻ ചോളക്കെട്ടുമായി ഈ ചന്തയിലെ മരച്ചുവട്ടിൽ വരുമ്പോൾ നീ ഇവിടെയുണ്ടാവണം. അല്ലെങ്കിൽ ഞാൻ വയലിൽ കിടന്നു മരിക്കും." അടുത്ത ദിവസം രാവിലെ തന്നെ ഉത്തമൻ വില്ക്കാനുള്ള ചോളവും ചുമന്നു ചന്തയിലെ മരച്ചുവട്ടിലെത്തി. അപ്പോൾ നാലഞ്ചു കുട്ടികൾ ആരെയോ പ്രതീക്ഷിച്ചുകൊണ്ട് അവിടെ നില്ക്കുന്നതു കണ്ടു. അവരെല്ലാം അമ്മ നഷ്ടപ്പെട്ടവരും അച്ഛന്റെ ശകാരത്താൽ വീടുവിട്ടിറങ്ങിപ്പോയവരുമായിരുന്നു. അവരുടെ ക്ഷീണിച്ച മുഖവും സ്നേഹത്തിനായുള്ള വിശപ്പും കണ്ട ഉത്തമൻ മകൻ വരാത്തതിൽ നിരാശനായെങ്കിലും ആ കുട്ടികളെയും കൂട്ടി തന്റെ വീട്ടിലെത്തി. അപ്പോൾ അവിടെ ഉത്തമന്റെ മകൻ അടുക്കളയിലിരുന്നു അന്നത്തേക്കുള്ള ആഹാരം ഉണ്ടാക്കുകയായിരുന്നു. അവനോടുള്ള ഉത്തമന്റെ സ്നേഹം അണപൊട്ടിയൊഴുകി. ആ സ്നേഹപ്രവാഹത്താൽ അവരെല്ലാം ഒന്നായി . പിന്നീട് ഒരു കുടുംബമായി കഴിഞ്ഞ അവർ കൃഷിയിലൂടെ വലിയ ധനികരായിത്തീരുകയും ചെയ്തു.
ഇങ്ങനെയുള്ള ഉത്തമന്മാരായി നമ്മൾ മാറണം. അങ്ങനെയായാൽ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ലോകത്തും വൈരം വളരുകയില്ല. അതിനു എല്ലാ പ്രാണികളിലുമുള്ള സ്നേഹം, ദയ, സമഭാവന ഇവ എല്ലാ മനുഷ്യഹൃദയങ്ങളിലും പ്രകാശിച്ചാൽ മതി. ഗുരുദേവ തൃപ്പാദങ്ങളുടെ ജീവിതം ഈ പരിപൂർണതയുടെ പ്രകാശവും പ്രകാശനവുമായിരുന്നു.