തിരുവനന്തപുരം : പറഞ്ഞു പഴകിയ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് കൗൺസിലർമാർ വാചാലരായതോടെ നഗരസഭയിലെ ബഡ്ജറ്റ് ചർച്ച രാഷ്ട്രീയ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും വേദിയായി. ചൊവ്വാഴ്ച നടന്ന ബഡ്‌ജറ്റ് അവതരണത്തിന്റെ തുടർച്ചയായി ഇന്നലെ നടന്ന ചർച്ചയിൽ ഭരണ പ്രതിപക്ഷ കക്ഷികൾ പരസ്പരം ചെളിവാരിയെറിഞ്ഞു. 20 പേർ സംസാരിച്ചങ്കിലും ഭൂരിഭാഗം അംഗങ്ങളും ബഡ്ജറ്റിന് പുറത്തുള്ള രാഷ്ട്രീയ പ്രസംഗങ്ങൾക്കാണ് സമയം കണ്ടെത്തിയത്. ചിലർ മാത്രമാണ് നഗരത്തിന്റെ അടിസ്ഥാന വിഷയങ്ങളിൽ സ്പർശിച്ചത്. ചർച്ച ഇന്നും തുടരും. ഉച്ചയ്ക്ക് ശേഷമാണ് വോട്ടെടുപ്പ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും വോട്ടെടുപ്പ് ബഹിഷ്കരിച്ച യു.ഡി.എഫ് ഇക്കുറിയും അതേ നിലപാട് സ്വീകരിക്കാനാണ് സാദ്ധ്യത. അതിനാൽ ബഡ്ജറ്റ് പാസാകുമെന്ന വിശ്വാസത്തിലാണ് ഭരണപക്ഷം. വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ചർച്ചയ്ക്കിടെ പറയുന്നുണ്ടെങ്കിലും ബി.ജെ.പിയുമായി കൈകോർക്കില്ല.
പ്രധാനമന്ത്രിയെ കണ്ടെത്താൻ ചൂടേറിയ ചർച്ച
കേന്ദ്രസർക്കാരിനെ കുറ്റംപറയുന്നവർക്ക് തിരഞ്ഞെടുപ്പിൽ പൊതുസമ്മതനായ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയുന്നില്ലെന്നായിരുന്നു ബി.ജെ.പി അംഗം എം.ആർ. ഗോപന്റെ പരിഭവം. ഇത് കേട്ടതോടെ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണെന്ന് യു.ഡി.എഫ് പാർലമെന്റി പാർട്ടി നേതാവ് ഡി. അനിൽകുമാർ പ്രഖ്യാപിച്ചു. രാവിലെ 10.30ന് സ്ഥിരം സമിതി മുൻ അദ്ധ്യക്ഷൻ സതീഷ് കുമാറാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എല്ലാ മേഖലകളെയും സ്പർശിച്ച ജനപ്രിയ ബഡ്ജറ്റാണിതെന്ന് എസ്. പുഷ്പലത പറഞ്ഞു. തിരുമല അനിൽ, എസ്. അനിത, എസ്. ഉണ്ണിക്കൃഷ്ണൻ, സുനിചന്ദ്രൻ ചൂണ്ടാക്കാട്ടി, ആർ. ഗീതാ ഗോപാൽ, കരമന അജിത്ത്, അലത്തറ അനിൽ, കാഞ്ഞിരംപാറ രവി, പീറ്റർ സോളമൻ, വെട്ടുകാട് സോളമൻ, പാപ്പനംകോട് സജി, ആർ.പി. ശിവജി, ബീമാപള്ളി റഷീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ബി.ജെ.പി - എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വഞ്ചിയൂർ ബാബു സ്ത്രീകളെയും സന്യാസിമാരെയും അവഹേളിച്ചെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ ഭരണപക്ഷത്തിന് നേരെ തട്ടിക്കയറി. പ്രതിഷേധവുമായി ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങുകയും ചെയ്തു. പിന്നാലെ നടപടികൾ പൂർത്തിയാക്കി കൗൺസിൽ പിരിഞ്ഞു. അസഭ്യപരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും മേയർ കേട്ട ഭാവം നടിച്ചില്ല. ഇതോടെ കൂടുതൽ ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യവുമായി എഴുന്നേറ്റു. ബാബു പ്രസംഗം അവസാനിപ്പിച്ച ശേഷം അടുത്ത് സംസാരിക്കേണ്ട ബി.ജെ.പി അംഗങ്ങളെ ക്രമപ്രകാരം മേയർ ക്ഷണിച്ചെങ്കിലും പ്രതിഷേധത്തിനിടെ അംഗങ്ങൾ തയ്യാറായില്ല. തുടർന്ന് ഭരണപക്ഷത്ത് നിന്നു പാളയം രാജൻ സംസാരിച്ചു. ഇതോടെയാണ് ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയത്. ബഹളത്തിനിടെ പാളയം രാജൻ പ്രസംഗം പൂർത്തിയാക്കി. തുടർന്ന് കൗൺസിൽ നടപടികൾ പൂർത്തീകരിച്ച് സഭ പിരിയുന്നതായി മേയർ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയ ബി.ജെ.പി അംഗങ്ങളെ ഭരണപക്ഷ കൗൺസിലർമാർ കൂകിവിളിച്ച് പരിഹസിച്ചു.