cctv

പാലോട് : നന്ദിയോട് ജഗ്‌ഷനും പരിസരവും ഇനി കാമറക്കണ്ണുകളുടെ നിരീക്ഷണ വലയത്തിൽ.പാലോട് ഗവണ്മെന്റ് ആശുപത്രി ജംഗ്‌ഷൻ മുതൽ നന്ദിയോട് ഓട്ടോ സ്റ്റാന്റ് വരെ ടി.എസ് റോഡിലെ കവലകളും നന്ദിയോട് മാർക്കറ്റും കാമറകളുടെ നിരീക്ഷണത്തിലാവും.ഹൈ വിഷൻ ഇൻഫ്രാറെഡ് വെരിഫോക്കൽ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. പാലോട് പൊലീസ് സ്റ്റേഷനിലാണ് കൺട്രോൾ യൂണിറ്റ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദിയോട് യൂണിറ്റിന്റെയും നന്ദിയോട് റസിഡന്റ്‌സ് വെൽഫെയർ അസോസിയേന്റെയും സഹകരണത്തോടെ പാലോട് ജനമൈത്രി പൊലീസാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്.പ്രവർത്തനോദ്‌ഘാടനം ഇന്ന് വൈകിട്ട് 5.30ന് മാർക്കറ്റ് ഗ്രണ്ടിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ നിർവഹിക്കുമെന്ന് ഏകോപനസമിതി നന്ദിയോട് യൂണിറ്റ് പ്രസിഡന്റ് പുലിയൂർ രാജൻ അറിയിച്ചു.ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു വിശിഷ്ടാതിഥിയാവും.എഡിജിപി മനോജ് ഏബ്രഹാം,റൂറൽ എസ്.പി ബി.അശോകൻ,ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് പാലോട് കുട്ടപ്പൻ നായർ,ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ,നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷ് തുടങ്ങിയവർ പ്രസംഗിക്കും.നന്ദിയോട് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബി.സുശീലൻ സ്വാഗതവും ഏകോപനസമിതി യൂണിറ്റ് ജനറൽസെക്രട്ടറി സുബ്രഹ്മണ്യപിള്ള നന്ദിയും പറയും.