justin

ആര്യനാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗം ചെയ്‌ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒന്നാം പ്രതി വെള്ളനാട് ചക്കിപ്പാറ ഷൈൻനിവാസിൽ ജസ്റ്റിൻ ലാസർ (32), മൂന്നാം പ്രതി ആര്യനാട് പുനലാൽ കുറക്കോട് ബിബിൻ ഭവനിൽ ജോയി എന്ന സാംജി രാജ് (38) എന്നിവരെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ ചക്കിപ്പാറ സ്വദേശി ഒളിവിലാണ്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ജസ്റ്റിൻ ലാസർ ഒരു വർഷമായി പീഡിപ്പിച്ചിരുന്നു. 15ന് രാത്രി 11.30ന് ആലുവയിലെ ജോലി സ്ഥലത്തേക്ക് പോകാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ ജസ്റ്റിൻ ലാസർ ഫോണിൽ വിളിച്ച് ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞു. തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തിയ ജസ്റ്റിൻ യുവതിയെ ബൈക്കിൽ വെള്ളനാട്ടെ ആൾ താമസമില്ലാത്ത വീട്ടിലെത്തിച്ചു. തുടർന്ന് മറ്റ് രണ്ട് പ്രതികൾക്കൊപ്പം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ പ്രതികളിലൊരാൾ യുവതിയെ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ആലുവയിലെ ജോലി സ്ഥലത്തേക്ക് പോയ യുവതിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മാതാവെത്തിയാണ് മകളെ തിരികെ കൊണ്ടുവന്ന് തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പീഡന വിവരം യുവതി അറിയിച്ചതോടെ ആശുപത്രി അധികൃതർ തമ്പാനൂർ പൊലീസിനെ വിവിരമറിയിച്ചു. തുടർന്നാണ് ആര്യനാട് പൊലീസിന് കേസ് കൈമാറിയത്. പ്രതികൾ പ്രദേശത്ത് മദ്യമുൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു. ആര്യനാട് എസ്.എച്ച്.ഒ ബി. അനിൽകുമാർ, എസ്.ഐ എസ്.വി. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.