ഒരു ഭരണകർത്താവായി സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന മിടുക്കരായ യുവതി യുവാക്കൾക്ക് മുന്നിൽ അവസരങ്ങളുടെ വാതിൽ തുറക്കുകയാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ. സിവിൽ സർവീസസ് പരീക്ഷയുടെ ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം യു.പി.എസ്.സി. പ്രസിദ്ധീകരിച്ചു. ജൂൺ രണ്ടിനാണ് പരീക്ഷ. മാർച്ച് 18 വരെ അപേക്ഷിക്കാം . ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് , ഇന്ത്യൻ പൊലീസ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് തുടങ്ങി 24 ആകർഷണീയമായ സർവീസുകളാണ് സിവിൽ സർവീസസിന് കീഴിൽ വരുന്നത്. പൊതുഭരണം, നിയമപരിപാലനം, ആഭ്യന്തര സുരക്ഷ, റെയിൽവേ, കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങൾ, കസ്റ്റംസ് എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് സിവിൽ സർവീസസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. ഇതുകൂടാതെ ചില ഗ്രൂപ്പ് ബി സർവീസുകളിലേക്കും സിവിൽ സർവീസസ് പരീക്ഷ റാങ്ക് പട്ടികയിൽ നിന്നാണ്. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
896 ഒഴിവുകൾ
ഏകദേശം 4.5 ലക്ഷം മുതൽ അഞ്ച് ലക്ഷം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതുന്നത്. ഈ വർഷം ആകെ 896 ഒഴിവുകളാണ് എല്ലാ സർവീസുകളിലും കൂടി ഉള്ളത്. മുമ്പ് ആർട്സ് / ഹ്യുമാനിറ്റീസ് ബിരുദധാരികളായിരുന്നു കൂടുതലായി ഈ തൊഴിൽ മേഖല തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്ന് പരീക്ഷ വിജയിക്കുന്നവരിൽ വലിയൊരു പങ്കും പ്രൊഫഷണൽ ബിരുദധാരികളാണ്. ഒരു ഉദ്യോഗാർത്ഥി നേരിടേണ്ടി വരുന്ന കടുത്ത മത്സരമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സിവിൽ സർവീസസ് പരീക്ഷ വിജയിക്കണമെങ്കിൽ കഠിനാദ്ധ്വാനവും, ചിട്ടയായ പഠനവും ആഴത്തിലുള്ള അറിവും വേണമെന്ന് ചുരുക്കം.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമുള്ള 21-32 വയസ് പ്രായപരിധിയിൽപ്പെട്ട ഉദ്യോഗാർത്ഥിക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എന്നാൽ അവർ മെയിൻ പരീക്ഷയ്ക്കായി അപേക്ഷിക്കുമ്പോൾ യോഗ്യതാ പരീക്ഷ വിജയിച്ചതിന്റെ തെളിവുകൾ സമർപ്പിക്കേണ്ടതാണ്. എസ്.സി/ എസ്.ടി., ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. http://upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് ആറ് തവണ പ്രിലിമിനറി പരീക്ഷ എഴുതാം, ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് ഒൻപത് തവണയാണ്. എങ്കിലും മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി മാത്രമേ അവസരം ഉപയോഗപ്പെടുത്താവൂ.
പരീക്ഷയെ അടുത്തറിയാം
പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ആദ്യ കടമ്പയായ പ്രിലിമിനറി പരീക്ഷ അഥവാ സിവിൽ സർവീസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള ഒരു ഉദ്യോഗാർത്ഥിയുടെ അഭിരുചി പരീക്ഷിക്കുന്നു. രണ്ടു മണിക്കൂർ വീതമുള്ള 200 മാർക്കിന്റെ രണ്ട് ഒബ്ജക്ടീവ് പേപ്പറുകളാണിതിലുള്ളത്.
പ്രിലിമിനറി പരീക്ഷയെ ഒരു സ്ക്രീനിംഗ് ടെസ്റ്റ് ആയി കാണാം. ഇതിൽ ലഭിക്കുന്ന മാർക്ക് അടുത്ത ഘട്ടങ്ങളിൽ പരിഗണിക്കുകയില്ല. ചരിത്രം, സയൻസ്, ഭൂമിശാസ്ത്രം, പോളിറ്റി,(ഭരണഘടന) പൊതുവിജ്ഞാനം തുടങ്ങി ഒട്ടുമിക്ക മേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഒന്നാം പേപ്പറിൽ പ്രതീക്ഷിക്കാം. സ്കൂൾ പഠനകാലംതൊട്ടേ പത്രവായനയും ആനുകാലിക പ്രസിദ്ധീകരണങ്ങളും മറ്റും ശീലമാക്കിയവർക്ക് ഈ ചോദ്യങ്ങൾ ആത്മവിശ്വാസത്തോടെ നേരിടാം. NCERT പാഠപുസ്തകങ്ങളും ഗൈഡുകളുംസഹായകമാകും. CSAT രണ്ടാമത്തെ പേപ്പർ ഉദ്യോഗാർത്ഥിയുടെ സമഗ്രശേഷി, മാനസിക ക്ഷമത, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവ അളക്കുന്നു. ഉദ്യോഗാർത്ഥിയുടെ അന്തർലീനമായ കഴിവുകളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത് കൂടാതെ അടിസ്ഥാന ഗണിതത്തിൽ നിന്നും ചോദ്യങ്ങളുണ്ടാകും. രണ്ടാം പേപ്പറിൽ 33 ശതമാനം മാർക്കെങ്കിലും ലഭിച്ചാൽ മാത്രമേ ഒന്നാം പേപ്പറിന്റെ മൂല്യനിർണയം നടത്തുകയുള്ളൂ. ഒന്നാം പേപ്പറിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും മെയിൻ പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കുന്നതാണ്.
പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവർ നേരിടുന്ന അടുത്ത കടമ്പയാണ് മെയിൻപരീക്ഷ. രണ്ട് ഭാഗങ്ങളായാണ് മെയിൻ പരീക്ഷ നടത്തുന്നത്-എഴുത്ത് പരീക്ഷയും അഭിമുഖവും. ഓരോ വർഷത്തെയും ഒഴിവുകളുടെ 12-13 ഇരട്ടി ഉദ്യോഗാർത്ഥികളെയാണ് മെയിൻ എഴുത്ത് പരീക്ഷയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഇവിടെ ലഭിക്കുന്ന മാർക്ക് ഒരു ഉദ്യോഗാർത്ഥിക്ക് ലഭിക്കാൻ പോകുന്ന റാങ്കിലും പിന്നീട് സർവീസിലും നിർണായക പങ്ക് വഹിക്കുന്നു. മെയിൻ പരീക്ഷയുടെ എഴുത്ത് പരീക്ഷയിൽ ആകെ ഒൻപത് പേപ്പറുകളാണുള്ളത്. ഇതിൽ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ എന്നീ രണ്ട് പേപ്പറുകൾ യോഗ്യതാ പേപ്പറുകളാണ്. എന്നാൽ ഇവയിൽ ലഭിക്കുന്ന മാർക്ക് മെയിൻ പരീക്ഷയുടെ മൊത്തം മാർക്കിലേക്ക് പരിഗണിക്കുകയില്ല. എഴുത്ത് പരീക്ഷയിൽ പൊതുവിജ്ഞാനത്തിന് വളരെയേറെ പ്രാധാന്യം നൽകിയിരിക്കുന്നു എന്നതു കൊണ്ട്തന്നെ ജനറൽ സ്റ്റഡീസ് പേപ്പറുകളുടെ എണ്ണം നാലാണ്. സമകാലിക സംഭവങ്ങൾ, ചരിത്രം, പൊളിറ്റിക്സ്, സാമ്പത്തിക ശാസ്ത്രം, ഭൂമിശാസ്ത്രം, സയൻസ് തുടങ്ങിയ വിഷയങ്ങളിൽ നിന്നെല്ലാം ചോദ്യങ്ങൾ പ്രതീക്ഷിക്കാം .ഒപ്പം ഒരു ഉപന്യാസ പരീക്ഷയും ഉണ്ടായിരിക്കും.ഉദ്യോഗാർത്ഥിക്ക് ഈ തൊഴിൽ മേഖലയോടുള്ള അഭിരുചി, ധാർമ്മികത തുടങ്ങിയവ അളക്കുന്നതാണ് ഒരു പേപ്പർ. ഇതിനു പുറമേ ഒരു ഐച്ഛിക വിഷയം ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേപ്പറുകൾ എഴുതേണ്ടിവരും.
യു.പി.എസ്.സി അംഗീകരിച്ച വിഷയങ്ങളുടെ പട്ടികയിൽ നിന്ന് ഏത് വിഷയവും ഉദ്യോഗാർത്ഥിക്ക് ഇതിനായി തിരഞ്ഞെടുക്കാം. ഡിഗ്രിക്ക് പഠിച്ച വിഷയം തന്നെ തിരഞ്ഞെടുക്കണമെന്ന് നിർബന്ധമില്ലെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള ആഴത്തിലുള്ള അറിവ് ഇവിടെ ആവശ്യമാണ്. മെയിൻ പരീക്ഷ മലയാളത്തിൽ എഴുതാനുള്ള സൗകര്യം ഇന്നുണ്ട്.
മെയിൻ പരീക്ഷയുടെ അടുത്ത ഘട്ടമാണ് ഇന്റർവ്യൂ. എഴുത്ത് പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനെ അടിസ്ഥാനമാക്കിയാണ് ഇന്റർവ്യൂവിന് തിരഞ്ഞെടുക്കപ്പെടുന്നത്. ആകെ ഒഴിവിന്റെ രണ്ടിരട്ടിയോളം ഉദ്യോർത്ഥികൾക്ക് അഭിമുഖത്തിനുള്ള ക്ഷണം ലഭിക്കും. സാമൂഹിക വിഷയങ്ങളിൽ ഉദ്യോഗാർത്ഥിയുടെ കാഴ്ചപ്പാട്, പ്രതിസന്ധി ഘട്ടങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള അറിവും നിലപാടും ഇവയെല്ലാം ഇവിടെ അളക്കപ്പെടുന്നു. ആനുകാലിക സംഭവങ്ങളെക്കുറിച്ചും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചും മാത്രമല്ല ഉദ്യോഗാർത്ഥിയുടെ ബയോഡാറ്റയെ അടിസ്ഥാനമാക്കിയും തിരഞ്ഞെടുത്ത ഐച്ഛിക വിഷയത്തിൽ നിന്നുമെല്ലാം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. സ്കൂൾ പഠനകാലംതൊട്ടെ ക്വിസ് മത്സരങ്ങളിലും ഡിബേറ്റുകളിലുമൊക്കെ പങ്കെടുക്കുന്നത് ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ നേരിടാൻ സഹായകമാകും. പരീക്ഷയെ കുറിച്ചും സിലബസിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പുതിയ ചുവടുവയ്പ്പുകൾ
വിവിധ ഘട്ടങ്ങളിലായി ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന പരീക്ഷാ പ്രക്രിയയാണ് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ളത്. ഇതിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ പരാജയപ്പെട്ടാൽ വീണ്ടും പ്രിലിമിനറി പരീക്ഷയിൽ നിന്ന് തുടങ്ങേണ്ടി വരും. രണ്ടും മൂന്നും തവണ ഇന്റർവ്യൂ വരെയെത്തി പരീക്ഷ വിജയിക്കാൻ കഴിയാതെ പോകുന്ന നിരവധി ഉദ്യോഗാർത്ഥികളുണ്ട്. അവർക്ക് ആശ്വാസമേകിക്കൊണ്ട് യു.പി.എസ്.സി. ഇത്തവണത്തെ പ്രിലിമിനറി വിജ്ഞാപനത്തിൽ ഈ വർഷം തൊട്ട് ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടാതെ പോകുന്ന ഉദ്യോഗാർത്ഥികളുടെ മെയിൻ പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതു - സ്വകാര്യ ഏജൻസികൾക്ക് ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ഇവരെ നിയമിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികളുടെ സമ്മതത്തോടെയായിരിക്കും ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കുക. ഇത്തരം മിടുക്കരായ യുവതീ യുവാക്കൾക്ക് സിവിൽ സർവീസസ് പരീക്ഷ വിജയിച്ചില്ലെങ്കിലും മറ്റ് ജോലികൾക്കുള്ള സാദ്ധ്യതകളാണ് യു.പി.എസ്.സി. ഇത് വഴി ഒരുക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി മലയാളികളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് സിവിൽ സർവീസസ് .നിശ്ചയദാർഢ്യവും, കഠിനാദ്ധ്വാനവും ചിട്ടയായ പഠനവുമുണ്ടെങ്കിൽ ഒരു ശരാശരി ഉദ്യോഗാർത്ഥിക്ക് കീഴടക്കാൻ കഴിയുന്ന ഒന്നാണ് സിവിൽ സർവീസസ് പരീക്ഷ.