തിരുവനന്തപുരം: സപ്ളൈകോ എം.ഡി പുറത്തിറക്കിയ സ്ഥലംമാറ്റ ലിസ്റ്റ് അട്ടിമറിക്കാൻ അണിയറ നീക്കം. ഒരു പ്രമുഖ തൊഴിലാളി സംഘടന സ്ഥലംമാറ്റത്തിൽ നിന്ന് ഒഴിവാക്കേണ്ട ബദൽ ലിസ്റ്റ് തയ്യാറാക്കുകയാണ്. ഈ ലിസ്റ്റ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അംഗീകരിപ്പിക്കാനാണ് നീക്കം. ഇതിനായി സ്ഥലംമാറ്റം ലഭിച്ചവരുടെ യോഗവും സംഘടന വിളിച്ചിട്ടുണ്ട്.
സപ്ളൈകോയുടെ പ്രവർത്തനം സുഗമമാക്കുന്നതിനാണ് അസിസ്റ്റന്റ് തസ്തികയിലുള്ള 145 ജീവനക്കാരെ സ്ഥലം മാറ്റിയത്. ജീവനക്കാരുടെ കുറവു കാരണം വടക്കൻ ജില്ലകളിലെ സപ്ലൈകോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനം താളംതെറ്റിയിരുന്നു. തിരുവനന്തപുരം മേഖലയിലാണെങ്കിൽ ജീവനക്കാർ കൂടുതലുമാണ്. അതുകൊണ്ടാണ് തിരുവനന്തപുരം മേഖലയിലുള്ള ജീവനക്കാരെ വടക്കൻ ജില്ലയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് എം.ഡി എം.എസ്.ജയ ഉത്തരവിറക്കിയത്. സ്ഥലംമാറ്റ ലിസ്റ്റിൽ ഡെപ്യൂട്ടേഷൻ മുഖേന സപ്ലൈകോയിൽ എത്തിയവരും അല്ലാത്തവരും ഉണ്ട്. മൂന്നു വർഷമോ അതിലധികമോ തിരുവനന്തപുരം മേഖലയിൽ ജോലി ചെയ്തവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വാർഷിക സ്റ്റോക്ക് പൂർത്തിയാകുന്ന മുറയ്ക്ക് മേഖലാ മാനേജർമാർ ജീവനക്കാരെ വിടുതൽ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
സ്ഥലംമാറ്റ ലിസ്റ്റിൽ ഉൾപ്പെട്ടവരോട് അതൊഴിവാക്കാനായി അപേക്ഷ തയ്യാറാക്കി തങ്ങളെ ഏൽപ്പിക്കാനാണ് ഒരു സംഘടനാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വ്യാപകമായ പണപ്പിരിവ് നടത്തുന്നതിനു വേണ്ടിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.