1

തിരുവനന്തപുരം:സർക്കാരിന്റെ ആയിരംദിനാഘോഷ പരസ്യങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് നീക്കം ചെയ്തതിനെതിരെ എ.സമ്പത്ത് എം.പി.യുടെ നേതൃത്വത്തിൽ സി.പി.എം. പ്രവർത്തകർ സ്റ്റേഷൻ ഡയറക്ടറുടെ ആഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഡോ.രാജേഷ് ചന്ദ്രൻ നടത്തിയ ചർച്ചയിൽ പരസ്യങ്ങൾ പുനഃസ്ഥാപിക്കാമെന്ന് റെയിൽവേ ഉറപ്പ് നൽകി. ഇതോടെയാണ് രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് എം.പി.യും സംഘവും മടങ്ങിയത്.

വ്യാഴാഴ്ചയാണ് റെയിൽവേ പരസ്യങ്ങൾ നീക്കിയത്. ഇതറിഞ്ഞ് ഇന്നലെ ഉച്ചയോടെ സമ്പത്ത് എം.പി.യും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹിമും റെയിൽവേ സ്റ്റേഷനിലെത്തി. പരസ്യങ്ങൾ കരാറെടുത്ത സ്വകാര്യസ്ഥാപനം കുടിശ്ശിക അടയ്ക്കാത്തതിനാലാണ് പരസ്യം നീക്കിയതെന്ന് അധികൃതർ പറഞ്ഞു. ഇതോടെയാണ് എം.പി.യും സംഘവും പ്രതിഷേധിച്ചത്. അവർ സ്റ്റേഷൻ ഡയറക്ടർ ഡോ.എസ്.അജയ് കൗശികിന്റെ ആഫീസിൽ കുത്തിയിരുന്നു. അപ്പോഴേക്കും നേതാക്കളായ ജയൻബാബുവും വി.ശിവൻകുട്ടിയും കൂടുതൽ പ്രവർത്തകരും സ്റ്റേഷനിലെത്തി.

പ്രശ്നം കൂടുതൽ വഷളായതോടെ ഡോ.രാജേഷ് ചന്ദ്രൻ എത്തി എം.പി.യുമായി ചർച്ച നടത്തി.പരസ്യങ്ങൾ സ്ഥാപിക്കാൻ കരാറെടുത്ത സ്വകാര്യ ഏജൻസി 55ലക്ഷം രൂപ കുടിശിക വരുത്തിയിട്ടുണ്ടെന്നും അത് തീർക്കാതെ പുതിയ പരസ്യങ്ങൾ സ്ഥാപിക്കാൻ തടസ്സമുണ്ടെന്ന് രാജേഷ് ചന്ദ്രൻ ധരിപ്പിച്ചു. സർക്കാരിന്റെ ആയിരംദിനാഘോഷ പരസ്യം പുതിയതാണ്. റെയിൽവേയുടെ അനുമതിയില്ലാതെ സ്ഥാപിച്ചതിനാലാണ് നീക്കംചെയ്‌തത്. കരാറുകാരന്റെ കുടിശിക തീർത്ത ശേഷം പരസ്യം പുനഃസ്ഥാപിക്കുന്നതിൽ എതിർപ്പില്ലെന്നും റെയിൽവേ അറിയിച്ചു.