ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന രണ്ടാം റൗണ്ടിലെ രണ്ടാംപാദ മത്സരങ്ങളിൽ വിജയിച്ച് ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബുകളായ ചെൽസിയും ആഴ്സനലും യൂറോപ്പിലെ രണ്ടാം ഡിവിഷൻ ഫുട്ബാൾ ലീഗായ യൂറോപ്പ ലീഗിന്റെ പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ സ്വീഡിഷ് ക്ളബ് മാൽമോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി കീഴടക്കിയത്. ആദ്യപാദത്തിൽ 2-1ന് ജയിച്ചിരുന്ന ചെൽസി ഇതോടെ 5-1 എന്ന മാർജിനിലാണ് അവസാന 16 ലേക്ക് കടന്നത്.
ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്‌ജിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായിരുന്നു. 55-ാം മിനിട്ടിൽ ഒളിവർ ജിറൂദ്, 79-ാം മിനിട്ടിൽ ബാർക്ക്‌ലി, 84-ാം മിനിട്ടിൽ ഹഡ്‌സൺ ഒഡോയ് എന്നിവരാണ് നീലക്കുപ്പായക്കാർക്ക് വേണ്ടി ഗോളുകൾ നേടിയത്. കഴിഞ്ഞവാരം എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റതിന്റെ ക്ഷീണത്തിൽനിന്ന് ചെൽസിക്കുള്ള മോചനമായി യൂറോപ്പ ലീഗിലെ വിജയം.
ആഴ്സനൽ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ ബെലറൂഷ്യൻ ക്ളബ് ബത്തേയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് പ്രീക്വാർട്ടറിന്റെ പടികയറിയത്. നാലാം മിനിട്ടിൽ വാൽക്കോവിന്റെ സെൽഫ് ഗോളിലൂടെയാണ് ആഴ്സനൽ മുന്നിലെത്തിയത്. 39-ാം മിനിട്ടിൽ മുസ്താഫിയും 60-ാം മിനിട്ടിൽ പാപസ്താതോ പൗലോസും മറ്റു ഗോളുകൾ നേടി. ആദ്യപാദത്തിൽ 1-0 ത്തിന് തോറ്റിരുന്ന ആഴ്സനലിന്റെ തിരിച്ചുവരവ് കൂടിയായി ഇൗ മത്സരം.
മറ്റൊരു രണ്ടാംപാദ മത്സരത്തിൽ ഒളിമ്പിക് പിറേയൂസിനെ 1-0 ത്തിന് തോൽപ്പിച്ച് 3-2 എന്ന ഗോൾമാർജിനിൽ ഉക്രേനിയൻ ക്ളബ് ഡൈനാമോ കീവ് പ്രീക്വാർട്ടറിലെത്തി. ഇന്റർമിലാൻ, റെന്നെസ്, സ്ളാവിയ, ബെൻഫിക്ക തുടങ്ങിയ ക്ളബുകളും പ്രീക്വാർട്ടറിൽ ഇടം പിടിച്ചിട്ടുണ്ട്.
ചെൽസിക്ക് ട്രാൻസ്ഫർ വിലക്ക്
ലണ്ടൻ : പ്രായപൂർത്തിയാകാത്ത വിദേശ താരങ്ങളെ റിക്രൂട്ട് ചെയ്തതിന്റെ പേരിൽ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ചെൽസിയെ ഫിഫ അടുത്ത രണ്ട് ട്രാൻസ്‌ഫർ ജാലകങ്ങളിൽ പുതിയ താരങ്ങളെ എടുക്കുന്നതിൽ നിന്ന് വിലക്കി. 2013 ൽ ബുർക്കിനോഫാസോ താരം ബെർട്രാൻഡ് ട്രാവോറെയെ ടീമിലെടുത്തതിന്റെ പേരിലാണ് വിലക്ക് വന്നത്.
മത്സരഫലങ്ങൾ
ചെൽസി 3-മാൽമോ 0
ആഴ്സനൽ 3-ബത്തേം 0
ഇന്റർമിലാൻ 4-റാപിഡ് വെയ്ൻ 0
റെന്നെസ് 3-റയൽ ബെറ്റിസ് 1
ഡൈനമോ 1-പിറയൂസ് 0
ലെവർകൂസൻ 1-ക്രാസ്‌നോദാർ 1