തിരുവനന്തപുരം: വനം വകുപ്പിന്റെ തടി ഡിപ്പോകളിലും ചന്ദന ഡിപ്പോകളിലും 'ഓപ്പറേഷൻ ബഗീര' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് ഡയറക്ടർ ബി.എസ്. മൊഹമ്മദ് യാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചില്ലറ വില്പന ഡിപ്പോകളിൽ സ്ഥിരമായി തടി ലേലം കൊള്ളുന്നവരിൽ പലരും ഉദ്യോഗസ്ഥരുടെ ബിനാമികളാണെന്ന് കണ്ടെത്തി. ലേലം കൊള്ളുന്ന തടികൾ ഡിപ്പോകളിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് മറിച്ച് വിൽക്കുന്നതാണ് പതിവ്. നല്ല തടികൾ കേടുവന്നതിന്റെ കൂട്ടത്തിൽപ്പെടുത്താൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതും ഇ - ലേലം വഴി നടക്കുന്ന തടി വില്പനയിൽ ഓരോ ലോട്ടിന്റെയും സ്റ്റാർട്ടിംഗ് പ്രൈസും റിസർവ് പ്രൈസും ഇടനിലക്കാർക്ക് ചോർത്തിക്കൊടുത്ത് സർക്കാരിന് നഷ്ടം വരുത്തുന്നതും കണ്ടെത്തി.
ആര്യാങ്കാവ് ഡിപ്പോയിൽ 29,660 രൂപ ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇവിടെയും കോട്ടയം പെട്ടിക്കാട്മുക്കിലെ ഡിപ്പോയിലും ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരായില്ല. അച്ചൻകോവിലിൽ ലേലം ചെയ്ത ശേഷം ഡിപ്പോയിൽ നിന്നും മാറ്റാത്ത 151 ലോട്ട് തടികൾ കണ്ടെത്തി.
കോട്ടയം പാറാമ്പുഴ ഡിപ്പോയിൽ 2013 മുതലുള്ള ഈറ്റ തടികൾ ലേലം ചെയ്യാതെ കെട്ടിക്കിടന്ന് നശിച്ചു. തലക്കോട് ഡിപ്പോയിൽ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയ തടിയുടെ അളവ് യഥാർത്ഥ തടിയെക്കാൾ കുറവായിരുന്നു .
മലപ്പുറം അരുവാക്കോട് ഡിപ്പോയിൽ രജിസ്റ്ററിൽ രേഖപ്പെടുത്താതെ 36 ലോട്ട് തടികൾ അനധികൃതമായി സൂക്ഷിച്ചതായി കണ്ടെത്തി. നെടുങ്കയം ഡിപ്പോയിലും വയനാട് ബാവലി, കുപ്പാടി ഡിപ്പോകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഡിപ്പോകളിൽ നിന്നും സ്ഥിരമായി ലേലം കൊണ്ടവരുടെ മുഴുവൻ വിവരങ്ങളും വിജിലൻസ് ശേഖരിച്ചെന്നും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു. ആദ്യമായാണ് വനംവകുപ്പിന്റെ മുഴുവൻ ഡിപ്പോകളിലും ഒരേ സമയം പരിശോധന നടത്തുന്നത്.