ന്യൂഡൽഹി : ന്യൂഡൽഹിയിൽ ഇന്ന് തുടങ്ങുന്ന ഷൂട്ടിംഗ് ലോകകപ്പിന് പാകിസ്ഥാനിൽനിന്നുള്ള രണ്ട് താരങ്ങൾക്ക് വിസ നിഷേധിച്ച സംഭവം ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അതൃപ്തിക്ക് ഇടയാക്കി. പുൽവാമയിലെ പാക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്ഥാൻ താരങ്ങൾക്ക് വിസ നിഷേധിച്ചത്. എന്നാൽ അന്താരാഷ്ട്ര ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണ് ഇൗ നടപടിയെന്നും അതിനാൽ ഭാവിയിൽ ഇന്ത്യയിൽ അന്താരാഷ്ട്ര ഗെയിംസുകൾ അനുവദിക്കുന്നതിനുവേണ്ടിയുള്ള എല്ലാ ചർച്ചകളും നിറുത്തിവയ്ക്കുകയാണെന്നും ഐ.ഒ.സി അറിയിച്ചു.
ഡൽഹിയിലെ ലോകകപ്പിന്റെ ഒളിമ്പിക് ക്വാട്ട വെട്ടി കുറയ്ക്കാൻ ഐ.ഒ.സി ഇന്റർനാഷണൽ ഷൂട്ടിംഗ് ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ആദ്യം ലോകകപ്പിലെ 16 ക്വാട്ട സ്ഥാനങ്ങളും റദ്ദാക്കിയതായി ഷൂട്ടിംഗ് ഫെഡറേഷൻ അറിയിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കേന്ദ്ര കായികമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡും ചേർന്ന് അടിയന്തരചർച്ച നടത്തിയതിനെത്തുടർന്ന് 16 ക്വാട്ട വെട്ടിക്കുറച്ചത് രണ്ട് സ്ഥാനങ്ങളിൽ ഒതുക്കി.
പാക് താരങ്ങൾ മത്സരിക്കുന്ന 25 മീറ്റർ റാപ്പിഡ് ഫയർപിസ്റ്റൾ ഇനത്തിലെ രണ്ട് ക്വാട്ടാബർത്തുകളാണ് റദ്ദാക്കിയത്. തങ്ങളുടെ താരങ്ങൾക്ക് വിസ നിഷേധിച്ചതിനെതുടർന്ന് ഒളിമ്പിക് ക്വാട്ട റദ്ദാക്കണമെന്ന് ഷൂട്ടിംഗ് ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.
ഡൽഹിയിൽ അടുത്തിടെ നടന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും ഒരു വിദേശ താരത്തിന് വിസ നിഷേധിച്ചത് ഒളിമ്പിക് കമ്മിറ്റിയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഭീകരതയുടെ പേരിൽ കായികരംഗത്ത് പാകിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് തിരിച്ചടിയാവുകയാണ് ഐ.ഒ.സിയുടെ നിലപാട്.
ലോകകപ്പിലെ മത്സരം:
തീരുമാനമായില്ല
ന്യൂഡൽഹി : ജൂണിൽ ഇംഗ്ളണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ബി.സി.സി.ഐ താത്കാലിക സമിതി അദ്ധ്യക്ഷൻ വിനോദ് റായ്. ഇന്നലെ സമിതി അംഗങ്ങളായ വിനോദ് റായ്‌യും ഡയാന എഡുൽജിയും ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ല. എന്നാൽ ഭീകരരാഷ്ട്രമായ പാകിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനും ഐ.സി.സി അംഗരാജ്യങ്ങൾക്കും കത്തയച്ചതായി വിനോദ് റായ് അറിയിച്ചു.
പാകിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ഗവൺമെന്റുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനത്തിലെത്തുകയുളളൂ.
ഐ.പി.എല്ലിന് ഉദ്ഘാടന
ആർഭാടമില്ല
. ഇൗ സീസൺ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന് ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ താത്കാലിക ഭരണസമിതി തലവൻ വിനോദ് റായ് അറിയിച്ചു.
. ഇതിനായി മാറ്റിവച്ച തുക പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ഭടൻമാരുടെ കുടുംബത്തിനായി നൽകും.
. മാർച്ച് 23 നാണ് 12 -ാം എഡിഷൻ ഐ.പി.എല്ലിന് തുടക്കമാവുന്നത്.
ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽനിന്ന് പിൻമാറി അവർക്ക് രണ്ട് പോയിന്റ് സമ്മാനിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ഇതുവരെയുള്ള എല്ലാ ലോകകപ്പുകളിലും നമ്മൾ അവരെ തോൽപ്പിച്ചിട്ടുണ്ട്. ഇക്കുറിയും കീഴടക്കണം. പക്ഷേ കളിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചാൽ ഞാൻ ആ തീരുമാനത്തിനൊപ്പം നിൽക്കും-സച്ചിൻ ടെൻഡുൽക്കർ.