തിരുവനന്തപുരം: സ്വകാര്യവത്കരണത്തിന്റെ പടിക്കെട്ടിലൂടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക്. ഒന്നര വർഷം മുമ്പ് നിർമ്മാണമാരംഭിച്ച ബോർഡിംഗ് ബ്രിഡ്ജും കോറിഡോറും ഇന്നലെ യാത്രക്കാർക്ക് തുറന്നുകൊടുത്തു. ഒപ്പം, നാലു വിമാനങ്ങൾ പാർക്ക് ചെയ്യാവുന്ന പുതിയ അറൈവൽ ബ്ലോക്കിന്റെ നിർമാണം തുടങ്ങുകയും ചെയ്‌തു. 25 കോടി രൂപയാണ് ചെലവ്.
നിലവിൽ ആഭ്യന്തര ടെർമിനലിൽ 11 വിമാനങ്ങൾക്കും അന്താരാഷ്ട്ര ടെർമിനലിൽ 9 വിമാനങ്ങൾക്കുമാണ് പാർക്ക് ചെയ്യാനാവുക. പുതിയ ബ്ളോക്ക് പൂർത്തിയാകുന്നതോടെ ഇത് 24 ആകും.
യാത്രക്കാർക്ക് കോറിഡോറിലൂടെ നടന്ന് നേരിട്ട് വിമാനത്തിലേക്കു കയറാനുള്ള ബോർഡിംഗ് ബ്രിഡ്ജുകളുടെ എണ്ണം ഇപ്പോൾ ആറായി. നേരത്തേ ആഭ്യന്തര ടെർമിനലിൽ രണ്ടും അന്താരാഷ്ട്ര ടെർമിനലിൽ മൂന്നും ബ്രിഡ്‌ജുകളാണ് ഉണ്ടായിരുന്നത്.
പുതിയ പാർക്കിംഗ് ബേ പണിയാനും തീരുമാനമായിട്ടുണ്ട്. സ്വകാര്യവത്കരണം സംബന്ധിച്ച നടപടിക്രമങ്ങൾ തുടരുകയാണെങ്കിലും, നിലവിലെ സ്ഥലത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് നിർദ്ദേശമെന്ന് എയർപോർട്ട് അതോറിട്ടി അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന്റെ നടത്തിപ്പവകാശത്തിന് കെ.എസ്.ഐ.ഡി.സി, അദാനി ഗ്രൂപ്പ്, ജി.എം.ആർ ഗ്രൂപ്പ് എന്നിവാണ് രംഗത്തുള്ളത്. തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറാനാണ് എയർപോർട്ട് അതോറിട്ടി കരാർ അപേക്ഷ ക്ഷണിച്ചത്. കേന്ദ്ര നീക്കത്തെ ആദ്യം എതിർത്ത സംസ്ഥാന സർക്കാർ പിന്നീടു നടത്തിപ്പവകാശത്തിനായി ബിഡിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെ.എസ്.ഐ.ഡി.സിയുടെ പേരിലാണ് ബിഡിൽ പങ്കെടുത്തത്.