11-15, 12-15, 14-16
ചെന്നൈ : ഫൈനൽ വരെ എല്ലാക്കളിയും ജയിച്ചുവന്ന കലിക്കറ്റ് ഹീറോസ് ഒടുവിൽ കുടമിട്ടുടച്ചു. അതും നേരിട്ടുള്ള സെറ്റുകൾക്ക്. അങ്ങനെ പ്രോവോളിബാൾ ലീഗിലെ കന്നിക്കിരീടത്തിൽ ചെന്നൈ മുത്തമിട്ടു.
ഇന്നലെ ചെന്നൈയിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് ഷെൽട്ടൺ മോസസ് നയിച്ച ചെന്നൈ സ്പാർട്ടൻസ് വിജയം കണ്ടത്. സ്കോർ 15-11, 15-12, 16-14. ആദ്യരണ്ട് സെറ്റുകളിലും പിടിവിട്ടുപോയ കലിക്കറ്റ് അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും അവസാന ലാപ്പിൽ കാലിടറിവീണു.
13 പോയിന്റുകൾ നേടിയ റൂഡി വെർഹോഫിന്റെ കിടിലൻ പ്രകടനമാണ് മത്സരത്തിൽ ചെന്നൈയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്. സ്‌പൈക്കിലൂടെ 11 പോയിന്റുകൾ നേടിയ റൂഡി ബ്ളോക്കിലൂടെ രണ്ട് പോയിന്റുകളും നേടി. എട്ട് പോയിന്റുമായി നവീൻ രാജ ജേക്കബും അഞ്ചുപോയിന്റുമായി അഖിൽ ജി.എസും ചെന്നൈയുടെ വിജയത്തിൽ പങ്കുവഹിച്ചു.
ഒൻപത് പോയിന്റുനേടിയ മലയാളി താരം അജിത്ത് ലാലാണ് കലിക്കറ്റ് നിരയിൽ തിളങ്ങിയത്. പോൾ ലോട്ട്‌മാനും ക്യാപ്ടൻ ജെറോം വിനീതും അഞ്ച് പോയിന്റ് വീതം നേടി. ലോട്ട്മാന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിയാതിരുന്നത് കലിക്കറ്റിന് തിരിച്ചടിയായി.
ആദ്യ സെറ്റ് 15-11
ആതിഥേയരുടെ മുന്നേറ്റത്തോടെയാണ് ചെന്നൈയിൽ ഫൈനലിന് തുടക്കമായത്. നവീൻ രാജ ജേക്കബാണ് സ്‌പാർട്ടൻസിനായി ആദ്യ പോയിന്റ് നേടിയത്. തൊട്ടുപിന്നാലെ ജെറോം വിനീത് കലിക്കറ്റിനായി ആദ്യപോയിന്റ് കരസ്ഥമാക്കി. എന്നാൽ തുടർന്ന് ചെന്നൈയുടെ മുന്നേറ്റമായിരുന്നു. 8-5 എന്ന നിലയിൽ നിന്ന് അവർ 12-7 ലേക്ക് മുന്നേറി 15-11ന് സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റ്: 15-12
രണ്ടാം സെറ്റിലും ചെന്നൈയ്ക്ക് മികച്ച തുടക്കം. 3-1ന് അവർ മുന്നിലെത്തിയപ്പോൾ പതിയെ കലിക്കറ്റ് തിരിച്ചുവരാൻ ശ്രമിച്ചു. എന്നാൽ 12-13 ന് ലീഡ് ചെയ്ത ശേഷം തുടർച്ചയായി മൂന്ന് പോയിന്റുകൾ നേടി ചെന്നൈ സെറ്റ് സ്വന്തമാക്കി.
മൂന്നാം സെറ്റ്
മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള കലിക്കറ്റിന്റെ അവസാന ശ്രമം. എന്നാലും ഒരു നൂലിഴയ്ക്ക് ചെന്നൈയ്ക്ക് മുൻതൂക്കം. 5-4 എന്ന സ്കോറിലായിരുന്നു തുടക്കത്തിൽ ലീഡ് എന്നാൽ 8-8 ന് കലിക്കറ്റ് തുല്യതയിൽ പിടിച്ചു. പിന്നെ 12-10ന് ലീഡും നേടി. 13-10 എന്ന നിലയിൽ മുന്നേറിയ കലിക്കറ്റിനെ പക്ഷേ അവസാന സമയത്തെ അപ്രതീക്ഷിത സ്മാഷുകളിലൂടെ ചെന്നൈ 14-14ന് സമനിലയിലാക്കി. തുടർന്ന് രണ്ട് വിന്നിംഗ് പോയിന്റുകൾ നേടി കിരീടം കൈവശപ്പെടുത്തുകയും ചെയ്തു.
. കൊച്ചിയിൽ നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ കലിക്കറ്റ് ഹീറോസ് 4-1ന് ചെന്നൈ സ്പാർട്ടൻസിനെ തോൽപ്പിച്ചിരുന്നു.
. പ്രാഥമിക റൗണ്ടിലെ അഞ്ചുമത്സരങ്ങളിൽ കലിക്കറ്റ് അഞ്ചും ജയിച്ചപ്പോൾ ചെന്നൈ രണ്ടെണ്ണത്തിൽ മാത്രമാണ് ജയിച്ചത്.
. സെമിയിൽ കൊച്ചി ബ്ളൂസ്‌പൈക്കേഴ്സിനെയാണ് ചെന്നൈ അട്ടിമറിച്ചത്.