വിപ്ലവം അങ്ങനെ വെറുതേ വിരിയുന്നതോ വിരിയിക്കേണ്ടുന്നതോ ആയ സാധനമല്ലെന്ന് മാവോ സേ തൂംങ്ങ് തൊട്ട് മഹാസാധു പിണറായിസഖാവ് വരെയുള്ളവർക്ക് ഉത്തമബോദ്ധ്യമുള്ള സംഗതിയാണ്. അതിന് ചില നേരവും കാലവുമൊക്കെയുണ്ട്. ഓരോ ദിവസവും പ്രഭാതം പൊട്ടിവിരിയുമ്പോൾ അർക്കന്റെ ചുവപ്പുരശ്മികൾ പരപരാ ചുവന്ന് നില്പുണ്ടെങ്കിൽ അന്ന് വിപ്ലവം ഉറപ്പായും വിരിയുമെന്ന് കണക്കാക്കാവുന്നതാണെന്ന് പണ്ട് മാവോ പറയേണ്ടിയിരുന്ന രഹസ്യമാണ്. മാവോ അത് പറഞ്ഞില്ല എന്നുവച്ച് ബേബിസഖാവോ കോടിയേരിസഖാവോ ആ രഹസ്യം മനസിലാക്കി വച്ചിട്ടില്ലാത്തവരാണെന്ന് ആരും ധരിച്ചുപോകരുത്. കാൾ മാർക്സിൽ ഏംഗൽസ് ലയിച്ച് അതിൽ ചെഗുവേര ചേരുംപടി ചേർന്നുണ്ടായ ബേബിസഖാവിനെ പോലെയല്ല കോടിയേരി സഖാവോ പിണറായി സഖാവോ എന്നറിയാത്ത കശ്മലകുശ്മാണ്ടന്മാർ ചിലപ്പോൾ അങ്ങനെ ധരിച്ചുവശായിട്ടുണ്ടാകാം.
വിപ്ലവം എങ്ങനെ എളുപ്പം വിരിയിക്കാം എന്നൊരു കൈപ്പുസ്തകം തയ്യാറാക്കി കോടിയേരി സഖാവ് തലശ്ശേരി ചന്തയിൽ വില്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. ഓണത്തിനും സംക്രാന്തിക്കും ഒരു വിപ്ലവം മസ്റ്റാണെന്ന് അതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട്കളി, ജാഥ, പിണറായി സഖാവിന്റെ ആയിരത്തൊന്ന് രാവുകൾ എന്നിത്യാദി ശുഭമുഹൂർത്തങ്ങളിലും വിപ്ലവം വിരിയിക്കൽ അത്യുത്തമമാണെന്നും അതിൽ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ അതിന് ചില പഥ്യങ്ങളും ഉപാധികളുമൊക്കെയുണ്ട്. ഇത് വിരിയിക്കാൻ പുറപ്പെടുന്നവർ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടുണ്ടായിരിക്കണം എന്നൊരു വരിയാണ് ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടത്. രാഷ്ട്രീയധാരണയില്ലാത്ത കൂട്ടരോ രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടില്ലാത്ത നിരക്ഷരകുക്ഷികളോ വിപ്ലവം വിരിയിക്കാൻ പോയിട്ട് വിപ്ലവത്തിലെ പ്ല എന്ന വാക്ക് ഉച്ചരിക്കാൻ പോലും യോഗ്യരല്ല.
ഈ കൈപ്പുസ്തകം നേരേചൊവ്വേ വായിക്കാതെ വിപ്ലവം വിരിയിക്കാൻ പോയാൽ അതിന് പൊലീസിന്റെ ഒരു കൈസഹായം ഉറപ്പായും തേടണം. പൊലീസിന്റെ സഹായമില്ലാതെ ഒരു വിപ്ലവവും വിജയിച്ചിട്ടില്ല എന്നതും മാവോ പറയേണ്ടിയിരുന്ന ശരികളുടെ കൂട്ടത്തിലുള്ളതാണ്. പക്ഷേ മാവോ പറഞ്ഞില്ല. അതുകൊണ്ട് ആർക്ക് നഷ്ടമുണ്ടായി, മാവോയ്ക്ക്, അല്ല പിന്നെ !
രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയാവുന്നത് കൊണ്ടാണ് ഏഴാണ്ട് മുന്നേക്കൊരു വിഷുവിന്, ഏതോ ഒരു ടി.പിയുടെ തല ആരോ കാഴ്ചവച്ച് വിപ്ലവം വിരിയിച്ചത്. അതൊരു ഒന്നൊന്നര വിപ്ലവമായിരുന്നു! നെയ്യാറ്റിൻകരയിലെ ഏതോ കാലുമാടൻ കാലുമാറിപ്പോയി വിപ്ലവത്തെ അട്ടിമറിക്കാൻ നോക്കിയ ദശാസന്ധിയുമായിരുന്നു. വേലകളി പോലെ വോട്ടുകളി നെയ്യാറ്റിൻകരയിൽ നടക്കാൻ പോകുന്നുവെന്ന് ബോദ്ധ്യമായ ആ ശുഭമുഹൂർത്തത്തിലാണ് തലശ്ശേരിചന്തയിലെ കൈപ്പുസ്തകം വായിച്ചുപഠിച്ച ഉത്തമരായ പഠിതാക്കൾ ഒഞ്ചിയത്ത് തന്നെ വിപ്ലവം വിരിയിച്ച് സായൂജ്യമടഞ്ഞത്. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരമറിയാവുന്ന കൂട്ടർ തന്നെയാണത് ചെയ്തത് എന്നതുകൊണ്ടാണ് ആ വിപ്ലവത്തിന് പത്തരമാറ്റ് തിളക്കമുണ്ടായത്.
കാസർകോട്ടെ പെരിയയിലും ഏതാണ്ട് ലക്ഷണമൊത്തൊരു വിപ്ലവം തന്നെയായിരുന്നു വിരിയേണ്ടിയിരുന്നത്. മുഹൂർത്തമൊക്കെ കറക്ട് . വോട്ടുകളി വേള. പക്ഷേ സാദാ വോട്ടുകളിയല്ല. ലോകസഭാ തിരഞ്ഞെടുപ്പാണ്. കാസർകോട് തൊട്ട് തിരുവനന്തപുരം വരെ നുള്ളിപ്പെറുക്കിയെടുക്കാവുന്ന സീറ്റും കൊണ്ട് പോയാലേ വല്ലതുമുള്ളൂ. നാലാളെ കാണിക്കാനും അതില്ലാതെ പറ്റില്ല. പോരാത്തതിന് പിണറായിസഖാവിന്റെ ആയിരത്തിയൊന്ന് രാവുകളാണ്. ഞണ്ടുകളുടെ നാട്ടുകളിൽ ഇടവേള നിർബന്ധമായിരുന്നു. പക്ഷേ എന്തു ചെയ്യാനാകും?
കൈപ്പുസ്തകത്തിന്റെ എല്ലാ പേജുകളും അരിച്ചുപെറുക്കി പഠിക്കാത്ത ചില പീക്കിരികളാണ് പെരിയയിൽ പക്വതയില്ലാത്ത വിപ്ലവത്തിന് ഇറങ്ങിത്തിരിച്ചത് എന്ന് തിരിച്ചറിഞ്ഞാൽ, അതൊരു ലക്ഷണമൊത്ത പ്രതിവിപ്ലവസമസ്യയാണെന്ന് നമുക്ക് സമാധാനിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം കുറിക്കാത്തവർ വിപ്ലവത്തിനൊരുമ്പെടരുത് എന്ന് പി. സഖാവ് തൊട്ട് കോ. സഖാവ് വരെയുള്ളവർക്ക് പരസ്യമായി പറയേണ്ടി വന്നത് പെരിയയിലെ ഈ പ്രതിവിപ്ലവസമസ്യ കാരണമായിരുന്നു.
അതുപോട്ടെ. ഒരു രാജ്യത്തിന് വേണ്ടി ഒരു ഗ്രാമത്തെ ത്യജിക്കുന്നതിൽ തെറ്റില്ലെന്ന് മഹാഭാരതത്തിൽ പറയുന്നത് പോലെ, ഒരു (പ്രതി)വിപ്ലവത്തിന് ഒരു ഇരട്ടക്കൊല വലിയ തെറ്റുള്ള സംഗതിയല്ല. വരുമോരോ ദശ വന്നപോലെ പോം.
നിസഹകരണ പ്രസ്ഥാനത്തിലും വിദേശ വസ്ത്രബഹിഷ്കരണത്തിലും പങ്കെടുക്കേണ്ടിയിരുന്ന ഗാന്ധിയായിരുന്നു യൂത്ത് ഗാന്ധി ഡീൻ കുര്യാക്കോസ്. അന്നവിടെ പങ്കെടുത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യക്കാരുടെ കൈത്തരിപ്പ് ഏറ്റുവാങ്ങേണ്ടിയിരുന്നയാളുമായിരുന്നു. അന്ന് കിട്ടേണ്ടിയിരുന്നതോർത്താൽ ഡീൻ ഗാന്ധി രോമാഞ്ചകഞ്ചുകമണിയും. അത്രയ്ക്ക് കഠോരവും കയ്പേറിയതുമായ പരീക്ഷണങ്ങളെ അതിജീവിക്കേണ്ടിയിരുന്ന ഡീൻ ഗാന്ധിക്ക് അന്നതൊന്നും അനുഭവിക്കാൻ യോഗമില്ലാതെ പോയത് കൊണ്ട് നഷ്ടമുണ്ടായത് ബ്രിട്ടീഷ് സായ്പന്മാർക്ക് മാത്രമായിരുന്നു. മഹാത്മഗാന്ധിയെ വെല്ലുന്ന ഗാന്ധിയാണ് ശരിക്കും പറഞ്ഞാൽ ഡീൻ ഗാന്ധി. ആ ഡീൻഗാന്ധിയെ സത്യത്തിലാരും, എന്തിന് ഹൈക്കോടതി പോലും തിരിച്ചറിയാതെ പോകുന്നതാണ്.
ഡീൻ ഗാന്ധി മിന്നൽ ഹർത്താൽ പ്രഖ്യാപിക്കുമ്പോൾ മനസ്സിൽ നിസ്സഹകരണപ്രസ്ഥാനമായിരുന്നു. മഹാത്മഗാന്ധി അന്ന് നിസ്സഹകരണപ്രസ്ഥാനത്തെ നയിച്ചെങ്കിൽ എന്തുകൊണ്ട് തനിക്ക് മിന്നൽ ഹർത്താൽ നടത്തിക്കൂടാ എന്ന് ഹൈക്കോടതിയോട് ചോദിക്കണമെന്ന് ഡീൻ ഗാന്ധിക്കുണ്ടായിരുന്നു. കോടതി അത് മുഖവിലയ്ക്കെടുത്തില്ലെങ്കിലോ എന്നോർത്ത് അതിന് മുതിർന്നില്ലെന്നേയുള്ളൂ. ഇത് ഭീരുത്വമല്ല. മിന്നൽഹർത്താലിൽ കാസർകോട്ട് തൊട്ട് കന്യാകുമാരി വരെയുണ്ടായ നഷ്ടക്കണക്കോർത്താൽ മോഹാലസ്യപ്പെടേണ്ടതാണ് സാധാരണഗതിയിൽ ഏത് ഗാന്ധിയും. ഡീൻഗാന്ധിക്ക് അങ്ങനെ മോഹാലസ്യപ്പെടുന്ന പ്രകൃതമില്ല. കോടതി മിന്നൽഹർത്താൽ നിരോധിച്ചത് ഡീൻഗാന്ധി അറിഞ്ഞിരുന്നില്ല. നിയമം പഠിച്ചാലും കോട്ടിട്ട് വക്കീലാവാത്തത് ഗാന്ധിക്ക് സമയം കിട്ടാത്തത് കൊണ്ടായിരുന്നു. ചാണകക്കുഴിയിൽ വീണാലുള്ള മുഖഭാവം ഗാന്ധിക്ക് കോടതിസമക്ഷം ഉണ്ടായിട്ടുണ്ടെങ്കിൽ അത് യാദൃച്ഛികം മാത്രമായി കണക്കാക്കിയാൽ കോടതിക്ക് കൊള്ളാം എന്നേ പറയുന്നുള്ളൂ.
ഇ-മെയിൽ: dronar.keralakaumudi@gmail.com