amit-shah

പാലക്കാട്: സംഘടനാ പ്രവർത്തനം കൊണ്ടുമാത്രം ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനാകില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിലെ പാർട്ടി നേതാക്കളെ ഉപദേശിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അമിത് ഷാ, പാർട്ടി പാലക്കാട് ലോക്സഭാ മണ്ഡലം ചുമതലക്കാർ, കൺവീനർമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ഫോർമുല പങ്കുവച്ചത്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിജയിക്കാൻ ബി.ജെ.പിക്ക് കിട്ടിയ വോട്ട് നിലനിറുത്തിയാൽ മതി. കേരളത്തിൽ അതുപോരാ. ഓരോ മണ്ഡലത്തിലും ഒന്നര ലക്ഷം വോട്ട് അധികമായി പിടിക്കണം. നന്നായി പ്രവർത്തിച്ചാൽ കേരളത്തിൽ മൂന്നൂനാല് മണ്ഡലങ്ങളിലെങ്കിലും ജയിച്ചുകയറാം. അതിന് സാധാരണ ഗതിയിലുള്ള സംഘടനാ പ്രവർത്തനം മാത്രം പോരാ. പ്രത്യേകം തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷാ നേതാക്കൾക്ക് നൽകിയ നിർദേശങ്ങൾ: മത്സ്യത്തൊഴിലാളികൾ കാര്യമായി സാന്നിദ്ധ്യമുള്ള മണ്ഡലങ്ങളിൽ ജാതി, മത, രാഷ്ട്രീയ പരിഗണനകൾക്കതീതമായി അവർക്കുവേണ്ടി കേന്ദ്ര സർക്കാർ ചെയ്ത കാര്യങ്ങൾ മുൻനിറുത്തി പുതുതായി 25,000 വോട്ടെങ്കിലും പിടിക്കണം. കേന്ദ്രത്തിൽ ഇതുവരെ ഫിഷറീസിനായി പ്രത്യേകം വകുപ്പുണ്ടായിരുന്നില്ല. കൃഷി വകുപ്പിന്റെ ഭാഗമായിരുന്നു ഫിഷറീസും. ഇതുവരെ കേന്ദ്രം ഭരിച്ചിരുന്നവരൊന്നും ചെയ്യാത്ത കാര്യം നരേന്ദ്രമോദി സർക്കാർ നടപ്പാക്കി.

മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യങ്ങളിലൊന്നാണിത്. ഇവരുടെ വോട്ട് ബി.ജെ.പിക്ക് കിട്ടാനായി ഓരോ മണ്ഡലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യേകം തന്ത്രങ്ങൾ ആവിഷ്കരിക്കണം.

കാർഷിക മേഖലയിൽ കേന്ദ്ര സർക്കാർ ചെയ്ത കാര്യങ്ങളാണ് മറ്രൊന്ന്. അഞ്ച് ഏക്കറിൽ താഴെയുള്ള കർഷകർക്കെല്ലാം 6,000 രൂപയാണ് പ്രതിവർഷം കേന്ദ്ര സർക്കാർ നൽകുന്നത്. ഇതിന്റെ ഗുണഭോക്താക്കളെ കണ്ടുപിടിക്കാനും അവരെ സഹായിക്കാനും പാർട്ടി പ്രവർത്തകർ തയാറാവണം.

ഇങ്ങനെ ഓരോ മണ്ഡലത്തിലും പ്രത്യേകം ജനവിഭാഗങ്ങളെ ആകർഷിക്കാനായി പത്ത് പരിപാടികളെങ്കിലും തയാറാക്കുകയും അതിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന കാര്യകർത്താക്കളെ സജ്ജമാക്കുകയും ചെയ്താൽ വിജയം ഉറപ്പാണ്.

ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ പേജ് പ്രമുഖന്മാർ, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ചുമതലക്കാർ എന്നിവരുടെ യോഗത്തിലും അമിത് ഷാ കഴിഞ്ഞ ദിവസം പങ്കെടുത്തു.