തീവണ്ടിയിൽ യാത്ര ചെയ്യുന്നു. സഹയാത്രികനായി പരിചയമുള്ള ഒരാളെ കണ്ടു. കൈവശമിരിക്കുന്ന യാത്രാസഞ്ചിയുടെ പുറത്ത് സുപ്രസിദ്ധമായ ഒരു മഠത്തിന്റെ പേരും വിവരങ്ങളും വലിയ അക്ഷരത്തിൽ അച്ചടിച്ചിരിക്കുന്നു. ഞാനതു വായിച്ചുനോക്കി. ആ മഠത്തിൽ നടന്ന ഒരു പൂജാ സന്ദർഭത്തിൽ ഏതോ സന്യാസിക്ക് നല്കിയതാണത് എന്നു മനസിലായി. ഞാൻ ചോദിച്ചു,
''ഇതു നിങ്ങളുടെ കൈവശം വന്നതെങ്ങനെ?"
''എന്റെ ഗുരുവായ സ്വാമിക്ക് കിട്ടിയതാണ്. ഇതിന്റെ പുറത്ത് മഠത്തിന്റെ പേര് അച്ചടിച്ചിരിക്കുന്നതുകൊണ്ട് ഇതും കൊണ്ട് യാത്ര ചെയ്യാൻ അദ്ദേഹത്തിനു മടി. അതുകൊണ്ട് ഇതെനിക്കു തന്നു."
മഹാത്മാക്കളായ സന്യാസിമാരെ പരസ്യം ചുമലിലേന്തി നടക്കുന്നവരായി ഉപയോഗിക്കുന്നതു നീതിയാണോ? പരസ്യം അച്ചടിച്ചിട്ടുള്ള നിത്യോപയോഗ സാധനങ്ങൾ ഉപയോഗിക്കാൻ മാന്യതയുള്ള ആരും വിസമ്മതിക്കും. ആ വസ്തു എത്ര വിലപിടിച്ചതാണെങ്കിലും. ചില സെമിനാറുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾക്കും ചിലപ്പോൾ ഇതുപോലെ പരസ്യം ചുമക്കുന്നവരായിത്തീരേണ്ടി വരാറുണ്ട്.
സഞ്ചി, ടീഷർട്ട്, ഗ്ളാസുകൾ, ഫ്ളാസ്ക്കുകൾ എന്നിങ്ങനെയുള്ള നിത്യോപയോഗ വസ്തുക്കളിൽ അതു ദാനം ചെയ്യുകയോ വില്ക്കുകയോ ചെയ്ത കമ്പനിയുടെ പേര് വലിയ അക്ഷരത്തിൽ അച്ചടിച്ച്, അതുപയോഗിക്കുന്നവരെ ആ കമ്പനികളുടെ പരസ്യം ചുമക്കുന്നവരായി ഉപയോഗിക്കുന്ന പതിവ് ബിസിനസ് ലോകത്തു കണ്ടുപോരുന്നുണ്ട്. സ്വന്തം ബിസിനസ് വികസിപ്പിക്കാൻ സാധാരണക്കാരെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണിത്. ഈ പ്രവണത ബിസിനസ് താത്പര്യമില്ലാത്ത മഠങ്ങളെയും ബാധിച്ചിരിക്കുന്നതിന്റെ ലക്ഷണമാണ് ഇപ്പോൾ കണ്ടത്. അതോ മഠങ്ങളും ബിസിനസ് സ്ഥാപനങ്ങളായി അധഃപതിക്കുന്നതിന്റെ ലക്ഷണമാണോ ഇത്.