ചിറയിൻകീഴ്: ചിറയിൻകീഴ് - തിരുവനന്തപുരം റൂട്ടിലെ രാത്രിയാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ പതിവായി മുടങ്ങുന്നതായി പരാതി. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് രാത്രി 7.40ന് ആരംഭിച്ച് ചിറയിൻകീഴെത്തി അവിടെന്ന് എട്ടിന് തിരുവനന്തപുരത്തേക്ക് പോകുന്ന സർവീസാണ് ഇപ്പോൾ പതിവായി മുടങ്ങുന്നത്. ഈ സർവീസാണ് രാത്രി 9.40ന് തിരുവനന്തപുരത്ത് നിന്ന് ചിറയിൻകീഴിലേക്കും പുലർച്ചെ അഞ്ചിന് ചിറയിൻകീഴിൽ നിന്നും തിരുവനന്തപുരത്തേക്കും സർവീസ് നടത്തുന്നത്.

ഈ സർവീസ് മുടങ്ങുന്നത് കാരണം രാത്രി ഏഴിനുള്ള ബസ് പോയികഴിഞ്ഞാൽ പിന്നെ തിരുവനന്തപുരത്ത് നിന്ന് ചിറയിൻകീഴ് ഭാഗത്തേക്ക് ബസ് ഇല്ലാത്ത അവസ്ഥയാണുള്ളത്.

രാത്രി സർവീസുകളെ മാത്രം ആശ്രയിച്ച് യാത്രചെയ്യുന്ന നൂറുകണക്കിന് ആളുകളെയാണ് ഇത് ബാധിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികളും നിവേദനങ്ങളും അധികൃതർക്ക് മുമ്പിൽ എത്തിയെങ്കിലും ഉടൻ ശരിയാകുമെന്ന പതിവ് പല്ലവിയാണ് കേട്ടുകൊണ്ടിരിക്കുന്നത്.

കാരണമന്വേഷിക്കുമ്പോൾ എംപാനലുകാരെ പിരിച്ച് വിട്ടപ്പോൾ ഡ്യൂട്ടിക്ക് കണ്ടക്ടർമാരെ കിട്ടാത്തതാണ് സർവീസുകൾ മുടങ്ങുന്നതിന് പിന്നിലെന്നാണ് വിശദീകരണം.

ഇതിനുപുറമേ ഈ റൂട്ടിലെ പല ഷെഡ്യൂളുകളിലും മാറ്റം വരുത്തിയിട്ടുമുണ്ട്. ചിറയിൻകീഴിൽ നിന്ന് രാവിലെ 10.15 കഴിഞ്ഞാൽ പിന്നെ തിരുവനന്തപുരത്തേക്ക് ബസുള്ളത് 1.15നാണ്. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 12 കഴിഞ്ഞാൽ പിന്നെ ചിറയിൻകീഴിലേക്ക് ബസുള്ളത് 1.40 നാണ്.

മുമ്പ് ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഏറെ പ്രയോജനകരമായിരുന്ന ഏക ഫാസ്റ്റ് സർവീസ് നിർത്താലാക്കിയിട്ടും വർഷങ്ങളായി.