പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടക്കുന്ന രണ്ടാമത് അതിരുദ്ര മഹായജ്ഞത്തിൽ പങ്കെടുക്കുന്നതിന് വൻ ഭക്തജനത്തിരക്ക്. യജ്ഞശാലയെ വലംവയ്‌ക്കുന്നതിനും ക്ഷേത്രദർശനം നടത്തുന്നതിനുമായി നിരവധിപേരാണ് എത്തിച്ചേരുന്നത്. രാവിലെ 5ന് നടക്കുന്ന മഹാഗണപതി ഹോമത്തെ തുടർന്ന് ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്കും ശേഷമാണ് അതിരുദ്ര മഹായജ്ഞം ആരംഭിക്കുന്നത്. രാവിലെ 6.30ന് ആരംഭിക്കുന്ന മഹാരുദ്രയജ്ഞം 11.30ന് പൂർത്തിയാകുന്നതോടെ കലശാഭിഷേകം നടക്കും. ചതുർവേദങ്ങളിലെ അതിവിശിഷ്ട മഹാമന്ത്രമാണ് യജുർവേദത്തിലെ ശ്രീരുദ്രമഹാമന്ത്രം. മഹാദേവനെ പ്രസാദിപ്പിക്കുന്നതിനായി ബ്രഹ്മാവ് നടത്തിയ വളരെക്കാലത്തെ തപസിന് ശേഷം അഘോര ഋഷിയാൽ നിർമ്മിച്ചതാണ് ശ്രീരുദ്രമന്ത്രം. രുദ്രത്തിന്റെ ഒന്നാം ഭാഗമായ നമകത്തിൽ ഭൂമിയിലെ സകല ജീവാത്മാക്കളെയും രുദ്രനായി കണ്ട് നമിക്കുകയാണ് ചെയ്യുന്നത്. രുദ്രൻ എന്നാൽ ദുഃഖത്തെ നശിപ്പിക്കുന്നവൻ, മംഗളദായകൻ എന്നാണ് അർത്ഥം. ഒരു വ്യക്തിക്ക് വേണ്ടതെല്ലാം മഹാദേവനോട് ചോദിക്കുന്നതാണ് രണ്ടാം ഭാഗമായ ചമകത്തിലുള്ളത്. 11 ദ്രവ്യങ്ങൾ നിറച്ച കലശങ്ങൾ 121 വൈദികർ 11 പ്രാവശ്യം ആവർത്തിച്ച് രുദ്രമന്ത്രം ജപിച്ച് 121 കലശങ്ങളും ഭഗവാന് അഭിഷേകം ചെയ്യുന്നു.
11 ദിവസത്തെ അഭിഷേകം തുടരുന്ന അതിരുദ്രമഹായജ്ഞം മാർച്ച് 3ന് പൂർത്തിയാകും. തുടർന്ന് വാസുർധാര ഹോമവും നടക്കും.