പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പരസ്യമായും രഹസ്യമായും നടത്തിക്കൊണ്ടിരിക്കുന്ന ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ ഇന്ത്യ നേടിയ ഏറ്റവും വലിയ നയതന്ത്ര വിജയമായിരുന്നു കഴിഞ്ഞ ദിവസം യു. എന്നിലും പാരീസിലും ഉണ്ടായത്. ജമ്മു കാശ്മീരിലെ പുൽവാമയിൽ നാല്പത് സി.ആർ.പി.എഫ് ജവാന്മാരുടെ ദാരുണ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ യു.എൻ രക്ഷാസമിതി കടുത്ത ഭാഷയിലാണ് അപലപിച്ചത്. പുൽവാമയിൽ ചാവേറായി എത്തിയ യുവ ഭീകരൻ അംഗമായ ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെയുള്ളതായിരുന്നു ഇതുസംബന്ധിച്ച പ്രമേയം. ചൈനയടക്കം രക്ഷാസമിതിയിലെ പതിനഞ്ച് സ്ഥിരാംഗങ്ങളടക്കം മുഴുവൻ അംഗങ്ങളുടെയും പിന്തുണയോടെയാണ് പ്രമേയം പാസായതെന്നത് ശ്രദ്ധേയമാണ്. പാകിസ്ഥാനുവേണ്ടി എക്കാലവും നിലകൊള്ളുന്ന ചൈന പ്രമേയത്തിനെതിരെ തിരിയാൻ ശ്രമിക്കാതിരുന്നില്ല. എന്നാൽ മറ്റു വൻ ശക്തികളടക്കമുള്ള മുഴുവൻ അംഗങ്ങളും ഒറ്റക്കെട്ടായി നിന്നതോടെ മനസില്ലാ മനസോടെ ചൈനയ്ക്കും പ്രമേയത്തിനനുകൂലമായി കൈ പൊക്കേണ്ടിവന്നു. സമീപകാലത്ത് യു. എന്നിൽ ഇന്ത്യ നേടിയ ഏറ്റവും വലിയ നയതന്ത്ര വിജയമാണിത്. ജെയ്ഷെ മുഹമ്മദിനെ പേരെടുത്തു പറയുന്നതിനെ ചൈന രൂക്ഷമായി എതിർത്തിരുന്നു. ഫ്രാൻസാണ് പ്രമേയവുമായി മുന്നോട്ടുവന്നത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും പിടികൂടാൻ രക്ഷാസമിതി അംഗങ്ങൾ ഇന്ത്യയുമായി സഹകരിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നുണ്ട്. ജെയ്ഷെ മുഹമ്മദിനെ പേരെടുത്തു തന്നെ പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഭീകര സംഘടനയെ നയിക്കുന്ന മസൂദ് അസ്ഹറിന്റെ പേര് പറഞ്ഞിട്ടില്ല. ഫ്രാൻസ് താമസിയാതെ തന്നെ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവുമായി രക്ഷാസമിതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
ലോക രാജ്യങ്ങൾ കൂടുതൽ കടുത്ത നിലപാടിലേക്കു നീങ്ങുകയാണെന്ന സൂചന പാകിസ്ഥാൻ മനസിലാക്കിയെന്നു വേണം കരുതാൻ. കാരണം ഫ്രഞ്ച് പ്രമേയം രക്ഷാസമിതിയിൽ വരുന്നതിനു മുമ്പു തന്നെ ഭീകര ഗ്രൂപ്പുകൾക്കെതിരെ പാകിസ്ഥാൻ ചില നടപടികൾ സ്വീകരിച്ചിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ പഞ്ചാബ് പ്രവിശ്യയിലുള്ള ആസ്ഥാനം പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തത് ഇതിന്റെ ഭാഗമാണ്.
രക്ഷാസമിതിയിലെ നയതന്ത്ര വിജയത്തിനൊപ്പം ഭീകര പ്രസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം തടയാനുള്ള 38 രാജ്യങ്ങളുടെ കൂട്ടായ്മ പാകിസ്ഥാനെ അടുത്ത ഒക്ടോബർ വരെ നിരീക്ഷണ പട്ടികയിൽ നിലനിറുത്താൻ തീരുമാനമെടുത്തതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരവിരുദ്ധ പോരാട്ടത്തിൽ സുപ്രധാന നേട്ടമായി കരുതാം. ഭീകരർക്കും ഭീകര സംഘടനകൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ കർക്കശവും വ്യക്തവുമായ നിലപാടെടുത്തില്ലെങ്കിൽ പാകിസ്ഥാന് ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. കരിമ്പട്ടികയിൽ പെടാതിരിക്കണമെങ്കിൽ ആഗോള കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ പാകിസ്ഥാൻ നിർബന്ധമായും പാലിച്ചിരിക്കണം. പാകിസ്ഥാനെ ഇപ്പോൾത്തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. സംഘടന ഒക്ടോബർ വരെ സാവകാശം നൽകാനാണ് തീരുമാനമെടുത്തത്. വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ ആഗോള സാമ്പത്തിക വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ തന്നെ പാകിസ്ഥാന് നേരിടേണ്ടിവരും.
കണ്ടാൽ അറിയാത്തവർ കൊണ്ടാൽ അറിയും എന്നു പറഞ്ഞതുപോലെ ലോകരാജ്യങ്ങളുടെ പലവിധത്തിലുള്ള സമ്മർദ്ദങ്ങൾ കൊണ്ടേ ഭീകരരോടുള്ള പാക് സമീപനത്തിൽ മാറ്റം വരികയുള്ളൂ. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള പാകിസ്ഥാന് പിടിച്ചുനിൽക്കാൻ അന്താരാഷ്ട്ര സഹായം അനിവാര്യമാണ്. ലോക രാജ്യങ്ങളെ ഒന്നടങ്കം പിണക്കി ഭീകരരെ തീറ്റിപ്പോറ്റുന്നതിലെ വങ്കത്തത്തെക്കുറിച്ച് പാക് ഭരണാധികാരികൾക്കും ബോദ്ധ്യമുണ്ടാകാതിരിക്കാൻ വഴിയില്ല. എന്നാൽ സൈന്യം ഭരണം നിയന്ത്രിക്കുന്ന ആ രാജ്യത്ത് ഭീകരരെ വളർത്തുന്നതിലും സേനയ്ക്കു വലിയ പങ്കാണുള്ളത്. ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്നത് സൈനികർക്ക് കീഴിലാണെന്നത് പരസ്യമായ രഹസ്യമാണ്. മുംബയ് ഭീകരാക്രമണത്തിന്റെ നേതൃത്വം വഹിച്ച ഹാഫിസ് സയീദിന്റെ ഭീകര സംഘടനയായ ജമാ അത്ദുവയെ രണ്ട് ദിവസം മുൻപ് പാകിസ്ഥാൻ നിരോധിച്ചത് പാരീസിൽ 37 രാജ്യങ്ങളുടെ കൂട്ടായ്മ യോഗം ചേരുന്നതിനു തൊട്ടുമുൻപാണ്. പ്രതികൂല നടപടികളെ ഭയന്ന് തന്നെയാണ് ഈ നടപടിയെന്ന് വ്യക്തം.
പുൽവാമ കൂട്ടക്കുരുതിക്കുശേഷം ഇന്ത്യ കൈക്കൊണ്ട നടപടികളും പാകിസ്ഥാനെ കൂടുതൽ ശ്വാസം മുട്ടിക്കുന്നുണ്ട്. ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയതും നദീജല കരാറുകൾ അവസാനിപ്പിക്കുന്നതും ഇതുവരെ അനുഭവിച്ചുപോന്ന അഭിമത രാഷ്ട്രപദവി പിൻവലിച്ചതുമൊക്കെ പാകിസ്ഥാനെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളാണ്. ഇതിനൊപ്പമാണ് പാരീസ് കൂട്ടായ്മ സ്വീകരിച്ച കർക്കശ നടപടികൾ.
ഇതിനിടെ രണ്ട് പാക് ഷൂട്ടിംഗ് താരങ്ങൾക്കും ഉദ്യോഗസ്ഥനും വിസ നിഷേധിച്ചതിനെച്ചൊല്ലി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യയ്ക്കെതിരെ വാളെടുത്തിരിക്കുകയാണ്. വിസ നിരോധനത്തിന്റെ പേരിൽ ഇന്ത്യയ്ക്ക് ഭാവിയിൽ അന്താരാഷ്ട്ര മത്സരവേദികൾ നൽകില്ലെന്നാണ് ഐ.ഒ.സി യുടെ ഭീഷണി. പാക് ടീമുമായുമായുള്ള ക്രിക്കറ്റ് മത്സരവും വേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. രാജ്യത്തിനേറ്റ മുറിവിനെക്കാൾ വലുതല്ല കളി ഉപേക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന ഇച്ഛാഭംഗം. രാജ്യസ്നേഹമുള്ളവരെല്ലാം ഈ നിലപാടിനോടു യോജിക്കും.