തിരുവനന്തപുരം: കടം വാങ്ങി കുത്തുപാളയെടുത്ത കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ സപ്ളൈകോയെയും കടക്കെണിയിലേക്ക് തള്ളിവിടാൻ സർക്കാർ കളമൊരുക്കുന്നു. സപ്ളൈകോയ്‌ക്ക് നൽകാനുള്ള 1982 കോടിയുടെ കുടിശിക തീർക്കാതെ, കോർപ്പറേഷന്റെ താത്‌കാലിക രക്ഷയ്‌ക്ക് ബാങ്കുകളിൽ നിന്ന് 500 കോടി രൂപ വായ്‌പയെടുക്കാൻ അനുമതി നൽകാനാണ് ഭക്ഷ്യവകുപ്പിന്റെ നീക്കം. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കു മീതെ വായ്‌പാബാദ്ധ്യത കൂടിയായാൽ സപ്ളൈകോയുടെ നടുവൊടിയും.
കഴിഞ്ഞ വർഷം മാത്രം സപ്ളൈകോയ്‌ക്ക് സർക്കാർ നൽകാനുള്ളത് 419 കോടിയോളമാണ്. പ്രളയകാലത്ത് ദുരിതബാധിതർക്ക് സൗജന്യ ഭക്ഷണ കിറ്റ് നൽകിയതിന്റെ തുക പോലും നൽകിയിട്ടില്ല. കോർപ്പറേഷന്റെ സാമ്പത്തിക ഞെരുക്കം വിശദീകരിച്ചും, കുടിശിക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഭക്ഷ്യവകുപ്പിന് കത്തെഴുതിയെങ്കിലും, ഖജനാവിന്റെ സ്ഥിതി പരിഗണിക്കുമ്പോൾ തത്‌കാലം പണം നൽകാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. അതിന് പകരമാണ്, ബാങ്ക് വായ്‌പയ്‌ക്ക് അനുമതി നൽകാനുള്ള നീക്കം.
വിൽപ്പനകേന്ദ്രങ്ങളിലെ വിറ്റുവരവിലെ ലാഭം കൊണ്ടാണ് സർക്കാർ നിർദ്ദേശിക്കുന്ന സേവനങ്ങൾ മുടക്കാതെ ഇതുവരെ പിടിച്ചുനിന്നത്. കുടിശികപ്പണം പിടിച്ചുവച്ച്, ബാങ്ക് വായ്‌പയുടെ ബാദ്ധ്യതയിലേക്കു തള്ളിവിടുന്നത് സപ്ളൈകോയെയും കെ.എസ്.ആർ.ടി.സിയുടെ ദുർഗതിയിലാക്കുമെന്നാണ് ആശങ്ക.
സർക്കാർ നൽകാനുള്ളത്
സബ്സിഡി കുടിശിക.............................. 112 കോടി
നെല്ല് സംഭരണം..................................... ..100 കോടി
ഭക്ഷ്യസുരക്ഷാ ധാന്യവിതരണം..............66.72 കോടി
പ്രളയാശ്വാസ കിറ്റ്..................................... 67.49 കോടി
കർഷകർക്ക് പ്രോത്സാഹന ബോണസ്. 37.80 കോടി
ഉച്ചഭക്ഷണ വിതരണം, മറ്റുള്ളവ.................30 കോടി
സപ്ലൈകോ
സ്റ്റോറുകൾ 1406
ഡിപ്പോകൾ 56
പ്രാദേശിക ഓഫീസുകൾ 5
''പ്രതിസന്ധി ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. പ്രതിസന്ധി സർക്കാർ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ''-
എം.എസ്.ജയ, എം.ഡി, സപ്ലൈകോ