aruvippuram-kodiyett

നെയ്യാറ്റിൻകര: അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 131-ാമത് വാർഷിക മഹോത്സവത്തിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. ക്ഷേത്രത്തിലെ ജ്യോതിർലിംഗ സ്വരൂപം തൊഴുതു വണങ്ങാനും ഗുരുദേവൻ തപസിരുന്ന കൊടിതൂക്കി മലയിലെ ഗുഹയിലെത്താനും അവിടത്തെ ഗുരുക്ഷേത്രം ദർശിക്കാനും ഭക്തരുടെ വലിയ തിരക്കായിരുന്നു ഇന്നലെ. ഗുരുദേവൻ ശിവലിംഗം മുങ്ങിയെടുത്ത നെയ്യാറിലെ ശങ്കരൻ കുഴിയിൽ കുളിച്ച് പലരും പുണ്യം നേടുകയും ചെയ്തു. ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉരുവിട്ട് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച അഖണ്ഡശാന്തി ഹോമത്തിലും ഒട്ടേറെപ്പേർ പങ്കെടുത്തു.

ഗുരുദേവന്റെ കല്പന പ്രകാരം ആദ്യ ഒൻപത് ദിവസങ്ങളിലെ ക്ഷേത്ര പൂജയും അന്നദാനവും ഒൻപത് കുടുംബക്കാരാണ് നടത്തുന്നത്. ഇന്നലെ പുലിവാതുക്കൽ കുടംബം, ഇന്ന് ദേവമംഗലം വീട്ടുകാർ, തുടർന്ന് ഒടുക്കത്ത് കുടുംബം, മഠത്തുവിളാകം,നെയ്യാറ്റിൻകര കൃഷ്ണവിലാസം, പേട്ട മാതുകുത്തകക്കാർ, കരുംകുളം അടുമ്പിൽ വീട് , എസ്.എൻ.ഡി.പി യോഗം ബാലരാമപുരം ശാഖ, തുണ്ടുവിള കുടുംബ സമതി ട്രസ്റ്റ് എന്നിങ്ങനെയാണ് പൂജാദികർമ്മങ്ങളും അന്നദാനവും നടത്തുന്നത്. ശിവരാത്രി ദിനത്തിലാണ് ഉത്സവം സമാപിക്കുന്നത്. നാടിന്റെ നാനാഭാഗങ്ങളിലെ ആയിരങ്ങൾ അന്ന് ഗുരുസന്നിധിയിൽ എത്തിച്ചേരും.

ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 10ന് പ്രസംഗ മത്സരം, ഉച്ചയ്ക്ക് അന്നദാനം, തുടർന്ന് പാരായണ മത്സരം എന്നിവ നടക്കും. രാത്രി 7ന് 'മാനസിക അടിമത്വത്തിൽ നിന്നുള്ള മോചനം അരുവിപ്പുറം പ്രതിഷ്ഠയിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അദ്ധ്യക്ഷനായിരിക്കും. മലങ്കര ഓർത്തോഡോക്സ് സഭ മെത്രാപ്പൊലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മുഖ്യാതിഥിയാവും. ഡോ.കെ.ജയകുമാർ, ഡോ.ബി.ഇക്ബാൽ, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, മുൻ ഡി.ജി.പി ടി.പി.സെൻകുമാർ തുടങ്ങിയവർ പങ്കെടുക്കും. സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി ബ്രഹ്മസ്വരൂപാനന്ദ നന്ദിയും പറയും.