നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ പുതിയതായി അനുവദിച്ച കേരളാ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ഉപജില്ലാ ഓഫീസ് മന്ത്രി എ.കെ. ബാലൻ ഉദ്‌ഘാടനം ചെയ്തു. നെയ്യാറ്റിൻകര കാട്ടാക്കട താലൂക്കിലെ പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് തിരുവനന്തപുരം ഓഫീസിൽ ലഭ്യമായിരുന്ന വിവിധ സേവനങ്ങൾ ഇനി മുതൽ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ റോഡിൽ ആരംഭിക്കുന്ന പുതിയ ഓഫീസിൽ ലഭ്യമാകും. നിലവിൽ തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും വിവിധ വായ്പകൾ എടുത്തിട്ടുള്ളവർക്ക് നെയ്യാറ്റിൻകര ഓഫീസ് വന്നതോടെ ഈ ഓഫീസിൽ വായ്പ തിരിച്ചടക്കാം. പിന്നോക്ക മത ന്യൂനപക്ഷങ്ങൾക്കായി 6 % പലിശ നിരക്കിൽ സ്വയം തൊഴിൽ വായ്പ, 6 % പലിശ നിരക്കിൽ വിവാഹ വായ്പ, വീട് അറ്റകുറ്റ പണികൾ നടത്തുന്നതിനായി 2 ലക്ഷം വരെയുള്ള വായ്പ, 'എന്റെ വീട് ' എന്ന പദ്ധതിയിലൂടെ 5 ലക്ഷം രൂപ വരെ 7.5% പലിശ നിരക്കിലും അതിനു മുകളിൽ വായ്പ എടുക്കുന്നവർക്ക് 8 % നിരക്കിലും ഭവന വായ്പ, പ്രവാസം കഴിഞ്ഞെത്തുന്നവർക്ക് 15% മൂലധന സബ്‌സിഡിയോടെ നോർക്ക വഴി സ്വയം തൊഴിൽ വായ്പ , കുടുംബശ്രീക്ക് 2 കോടി വരെയുള്ള വായ്പ തുടങ്ങിയവ ഈ ഓഫീസിൽ നിന്നും ലഭ്യമാകും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ ഡബ്ല്യു.ആർ. ഹീബ , വൈസ് ചെയർമാൻ കെ.കെ. ഷിബു, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.